
കണ്ണൂർ: രണ്ടര വർഷം കഴിഞ്ഞിട്ടും 46,000 ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ട പി.എസ്.സി ലാസ്റ്റ് ഗ്രേഡ് (വിവിധം) ലിസ്റ്റിൽ നിയമനം നടന്നത് പത്ത് ശതമാനത്തിൽ താഴെ മാത്രം. ഈ വർഷം ജൂൺ 30 ന് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. സംസ്ഥാനത്താകെ 600 ന് താഴെ നിയമനമാണ് ഈ ലിസ്റ്റിൽ നിന്നും ഉണ്ടായത്.
വകുപ്പുകളിലെ ഒഴിവുകൾ ബന്ധപ്പെട്ടവർ പൂഴ്ത്തിവയ്ക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. നിയമനക്കുറവ് പരിഹരിക്കുന്നതിനായി യൂണിവേഴ്സിറ്റികളിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങൾ ഈ ലിസ്റ്റിൽ നിന്നും നികത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം.
2018 മുതൽ 21 വരെ വെറും 5407 നിയമന ശുപാർശകൾ മാത്രമാണ് നടന്നിട്ടുള്ളത്. കൊവിഡിനെ തുടർന്ന് ലിസ്റ്റിന് വെറും 35 ദിവസത്തെ കാലാവധി മാത്രമാണ് സർക്കാർ നീട്ടിനൽകിയത്. പി.എസ്.സിയുടെ ചരിത്രത്തിൽ ഇല്ലാത്ത വിധം നിയമന കുറവാണ് നിലവിലെ ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാര്യത്തിലുണ്ടായിരിക്കുന്നതെന്നാണ് ഉദ്യോഗാർത്ഥികളുടെ ആരോപണം. പുതുതായി ആരംഭിച്ച മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും താത്കാലിക ലാസ്റ്റ് ഗ്രേഡ് തസ്തികകളാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. പുതുതായി ആരംഭിച്ച ഫാസ്റ്റ് ട്രാക്ക് കോടതികളിൽ പോലും ഇതേ അവസ്ഥയാണ്. രണ്ട് പ്രളയം, നിപ്പ, കൊവിഡ് എന്നീ അസാധാരണ ഘട്ടത്തിൽപ്പെട്ട ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.
കണ്ണൂർ ജില്ലയിൽ
ലിസ്റ്റിൽ ഉൾപ്പെട്ടവർ 3186
മെയിൻ ലിസ്റ്ര് 1490
സപ്ലി ലിസ്റ്ര് 1696
നിയമനം 394
കളക്ടറേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം
സെക്രട്ടറിയേറ്ര് പടിക്കൽ നടക്കുന്ന എൽ.ജി.എസ് സമരത്തിന് എെക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്‌സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദ്യോഗാർത്ഥികളും കുടുംബാംഗങ്ങളും സമരം നടത്തി. ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ നിയമന കുറവ് പരിഹരിക്കുക, സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ നിന്നും നികത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ. സിജിൻ അദ്ധ്യക്ഷത വഹിച്ചു. വിബീഷ്, പി.പി ഫാറൂഖ്, രേഖ, സ്വാതി തുടങ്ങിയവർ നേതൃത്വം നൽകി.