
പ്രണയത്തിന്റെ മുന്തിരിത്തോട്ടമാണ് അന്നമ്മയുടെയും ചാക്കോയുടെയും ജീവിതം. ആറുപതിറ്റാണ്ടിന്റെ തിളക്കമുള്ള ദാമ്പത്യത്തിന്റെ രഹസ്യവും പ്രണയമല്ലാതെ മറ്റൊന്നല്ല.കണ്ണൂരിലെ മലയോരഗ്രാമമായ ആലക്കോട്ടെ മഞ്ഞപ്പുല്ല് ഇവരുടെ പ്രണയം കുടിയേറിയ വാഗ്ദത്ത ഭൂമിയാകുന്നു...
തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ പോയി മടങ്ങുന്നവഴിയിൽ വീടിനടുത്ത ചെമ്മൺപാതയിൽ ഓട്ടോ നിറുത്തി ഒതുക്കു കല്ലുകളിറങ്ങുമ്പോൾ ചാക്കോയൊന്നു നീട്ടിവിളിച്ചു. എടീ അന്നാമ്മോ... ഒന്നിങ്ങുവന്നേ, ഈ കൈയിലൊന്നു പിടിച്ചേടീ... ഇതു കേട്ട അന്നാമ്മ അടുപ്പിൽ തിളച്ചുമറിയുന്ന മീൻകറി മറന്ന് നേരേ ചാച്ചനടുത്തേക്കോടി. കൈയിലൊന്നു പിടിച്ചേ എന്ന് ചാച്ചൻ പറഞ്ഞതേയുള്ളൂ. കൊച്ചുപാവാടക്കാരിയെ പോലെ ഒതുക്കുകല്ലുകൾ പടാപടാന്ന് ചാടിക്കയറി ചാച്ചനെ ചേർത്തുപിടിച്ച് താഴെയിറങ്ങി.
''അല്ല മനുഷ്യാ... എന്തൊരു പോക്കാ ഇത്... മണിക്കൂർ മൂന്നു കഴിഞ്ഞല്ലോ? എന്തേ ഇത്ര വൈകിയത്?"" എന്നായി അന്നമ്മ. ആലക്കോട് കേരള- കർണാടക അതിർത്തിയിലെ മഞ്ഞപ്പുല്ലിലെ മലമടക്കുകൾ ചാക്കോ കളപ്പുരയ്ക്കലിന്റെയും അന്നക്കുട്ടി മനക്കലിന്റെയും പ്രണയം കുടിയേറിയ ഭൂമിയാണ്. മൂന്നുമണിക്കൂർ പോയിട്ട് മൂന്നു മിനുട്ട് പോലും ഇവർക്ക് പരസ്പരം പിരിഞ്ഞിരിക്കാൻ വയ്യ. 63 വർഷത്തിലേക്ക് നീളുന്ന ദാമ്പത്യത്തിൽ പ്രണയം ഇടതടവില്ലാതെ ഒഴുകുന്ന പുഴയായി മാറുന്നു. മലയോരത്തിന്റെ മനസിൽ കോറിയിട്ട ഇവരുടെ പ്രണയം ഒരു സ്വപ്നം പോലെ ഇവിടമാകെ നറുമണം പരത്തുന്നു.
കുടിയേറിയ പ്രണയം
കോട്ടയം പൂഞ്ഞാർ പാതാമ്പുഴയിൽ നിന്ന് ഇടുക്കി കാഞ്ചിയാറിലേക്കുള്ള ദൂരം പരസ്പരമുള്ള പ്രണയത്തിന്റെയും കരുതലിന്റേതുമാണ്. ചാക്കോ കളപ്പുരയ്ക്കലിന് അതുവരെ അന്നമ്മയെ കുറിച്ച് ആരൊക്കെയോ പറഞ്ഞു കേട്ട അറിവ് മാത്രമേയുള്ളൂ. കേട്ടപ്പോൾ കാണാൻ തോന്നി. കണ്ടപ്പോൾ കെട്ടാനും. ആദ്യം കണ്ടപ്പോൾ തന്നെ എന്തുകൊണ്ടാണ് നേരത്തെ കാണാതെ പോയതെന്ന് മനസ് മന്ത്രിച്ചു. ചാക്കോയ്ക്ക് അന്ന് വയസ് പത്തൊമ്പതര. അന്നക്കുട്ടിയ്ക്ക് 17 തികഞ്ഞില്ല. വാതിൽ മറയിൽ ചാരി നിന്ന് ചാക്കോയ്ക്ക് ഒന്നു മുഖം കൊടുത്തു. ആദ്യനോട്ടത്തിൽ തന്നെ ചാക്കോയുടെ മനസിൽ പ്രണയം പൂത്തുലയുന്നത് വായിച്ചെടുക്കാൻ കഴിഞ്ഞെന്ന് അന്നക്കുട്ടി പറഞ്ഞപ്പോൾ 84 കഴിഞ്ഞ കർഷകന്റെ മുഖത്ത് ഓർമ്മകൾ വന്നുദിച്ചു.
''പൂഞ്ഞാറിൽ നിന്നു ഇടുക്കിയിലേക്ക് ശരിക്കും ഓടുകയായിരുന്നു. ആദ്യത്തെയും അവസാനത്തെയും പെണ്ണുകാണൽ അന്നമ്മയെ മാത്രമായിരുന്നു. പിന്നീട് എങ്ങനെയും അവളെ സ്വന്തമാക്കാനുള്ള തത്രപ്പാടായിരുന്നു."" ചാക്കോ പഴയകാലം ഓർത്തെടുക്കുമ്പോൾ പ്രണയം പൂത്തുലഞ്ഞ ആ മേടമാസത്തിലേക്ക് അന്നമ്മ സഞ്ചരിച്ചു. 1958 മേടം 22നാണ് ചാക്കോ അന്നക്കുട്ടിയെ ചേർത്തുനിറുത്തി കഴുത്തിൽ മിന്നുകെട്ടുന്നത്. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ. ആറുപതിറ്റാണ്ടും മൂന്നുവർഷവുമായി ഒന്നിച്ചുള്ള ജീവിതം. ഇന്നു വരെ മുഖം കറുത്തൊരു വാക്കോ നോക്കോ ചാച്ചനിൽ നിന്നുണ്ടായില്ലെന്ന് അന്നക്കുട്ടി പറയുമ്പോൾ മുഖത്ത് അഭിമാനം തെളിയുന്നുണ്ട്.
അന്നക്കുട്ടി എന്നു മുഴുവൻ വിളിക്കണ്ട. 'അ..."എന്നു കേട്ടാൽ മതി, അന്നക്കുട്ടി വിളിപ്പുറത്തെത്തും. തിരിച്ചും അങ്ങനെ തന്നെ. അതാണ് ഇവരുടെ സ്നേഹം. കുടിയേറ്റം തങ്ങളുടെ പ്രണയത്തിന്റെ ആഴം ഒന്നുകൂടി കൂട്ടിയെന്നും ചാക്കോ പങ്കുവച്ചു.

പ്രണയം പകുത്ത വഴികൾ
തിരുവിതാംകൂറിൽ നിന്ന് ആദ്യമാദ്യം വന്നവർ കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ റെയിൽവേ സ്റ്റേഷനുകളിൽ വണ്ടിയിറങ്ങി പേരാവൂർ, ഇരിട്ടി, ആലക്കോട് എന്നീ കിഴക്കൻ മലനിരകളെ ലക്ഷ്യമാക്കി ബസിലും വാനിലും തോണികളിലും കാളവണ്ടിയിലും ഒടുക്കം നടന്നുമൊക്കെ ലക്ഷ്യസ്ഥാനം കണ്ടെത്തിയവരായിരുന്നു. കിഴക്കൻ മേഖലകളിലേക്കുള്ള ഇവരുടെ യാത്ര വളരെ ദുർഘടം പിടിച്ചതും ദുരിതപൂർണവുമായിരുന്നു. 1940 മുതലാണ് കണ്ണൂർ ജില്ലയിലേക്കുള്ള കുടിയേറ്റം ശക്തമാകുന്നത്.
'' ഞങ്ങളുടെ ദാമ്പത്യവും ഒരുതരത്തിൽ ഒരു കുടിയേറ്റമായിരുന്നു. ഹൈറേഞ്ചിൽ നിന്നു കണ്ണൂരിന്റെ മലമടക്കുകളിലേക്കാണ് ഞങ്ങളുടെ പ്രണയവും ദാമ്പത്യവും കുടിയേറിയത്. റബ്ബർ മരങ്ങൾക്കിടയിലൂടെ ഒളിച്ചും പാത്തും ഓടിയും തട്ടുകളിറങ്ങിയതുമൊക്കെ പരസ്പരമുള്ള വിശ്വാസത്തിലാണ്. നേരെ ചൊവ്വേ വെട്ടവും വിളക്കും റോഡും ഒന്നും ഇല്ല. ആകെയുള്ള മലഞ്ചെരിവിലെ ഒറ്റയടിപ്പാത. കൊച്ചു പെൺകുട്ടിയായ അന്നമ്മയെയും ഒക്കത്ത് രണ്ടുപിള്ളേരേം കൊണ്ടാ ഇവിടെ വരുന്നത്. കൈയിൽ ആകെയുള്ളത് അങ്ങോട്ടുമിങ്ങോട്ടുമുള്ള സ്നേഹം മാത്രം. അന്നമ്മയില്ലാതെ ഒരിടത്തുപോലും തിരിയാൻ വയ്യ. എന്തിനും ഏതിനും ഇപ്പോഴും എന്റെ അന്നക്കുട്ടി വേണം."" ചാക്കോച്ചന്റെ വാക്കുകളിൽ പ്രണയത്തിന്റെ ചൂട്.
ഈ ചാച്ചനെപ്പോഴും അങ്ങനെയാന്നേ... ഒന്നു തിരിഞ്ഞാൽ വിളിയാണ്. അന്നക്കുട്ടീ എന്നൊന്നു നീട്ടി വിളിക്കും. നേരം പുലർന്ന് രാത്രിയാവോളം ചായ കിട്ടിയാൽ ചാച്ചൻ ഹാപ്പി. രാവിലെ നല്ല കടുപ്പത്തിൽ ഒരു കടുംചായ. പിന്നെ പാൽ ഒഴിച്ച് രണ്ടാമത്തെ ചായ പ്രഭാത ഭക്ഷണത്തിനൊപ്പം. എല്ലാത്തിലും അന്നമ്മയുടെ കൈയൊപ്പ് പതിയണം. ഈ പ്രണയത്തിന്റെ രഹസ്യവും ആ കടുംചായ തന്നെ.
പ്രണയം, ദാമ്പത്യം എന്നത് ചാക്കോയ്ക്കും അന്നമ്മയ്ക്കും സ്വർഗീയാനുഭൂതി പോലെയാണ്.
''അന്നമ്മ കൂടെയുണ്ടാകുമ്പോൾ ആശ്വാസവും സന്തോഷവും തോന്നും. പ്രണയിക്കുന്ന വ്യക്തിയ്ക്കൊപ്പം ചെലവഴിക്കുന്ന സമയത്തേക്കാൾ ശാന്തവും സുന്ദരവുമായ മറ്റൊന്നും ഇല്ലല്ലോ. സ്നേഹവും ആത്മാർത്ഥതയും വളർത്തിയെടുക്കുന്ന വിശ്വാസമാണ് അവൾ ചൊരിയുന്നത്. ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ചെറിയ കാര്യങ്ങളും പ്രശ്നങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പരസ്പരം സംസാരിച്ച് തീർക്കും. നേരിയ പിണക്കം പോലും എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ?""
ചാക്കോ ഓർത്തെടുക്കാൻ നോക്കി.
''അങ്ങനെ എപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിലുണ്ടായോടി? എന്തോ... എനിക്കോർമ്മയില്ല.""
''ഈ 63 വർഷത്തിനിടയിൽ ഒരിക്കൽ പോലും ചാച്ചന്റെ ഭാഗത്ത് നിന്നു പിണക്കത്തിന്റെ പോറലും പോലുമുണ്ടായില്ല."" അന്നമ്മ ഒട്ടും വൈകിക്കാതെ മറുപടി പറഞ്ഞു. മകളുടെ ഭർത്താവ് മരിച്ചപ്പോൾ തൊട്ടടുത്തുള്ള വീട്ടിൽ ഒരു ദിവസം പോലും ചാച്ചന് തനിച്ച് നിൽക്കാൻ കഴിഞ്ഞില്ല. ചാച്ചനെ ഏറെ തളർന്ന് കണ്ടൊരു ദിവസമാണന്ന്. എന്നിട്ട് എന്നെയും കൂട്ടി പോകുകയായിരുന്നു. എവിടെയായാലും അന്നക്കുട്ടിയുടെ താങ്ങും തണലും വേണം.
അക്കാലത്ത് കാട്ടാനകളുടെ ചിന്നംവിളിയും കാട്ടുപന്നികളുടെ മുരൾച്ചയും ഒക്കെ കേൾക്കുമ്പോൾ പരസ്പരം ആശ്വസിപ്പിച്ച് വാതിലിനു മറയിൽ കൂടും. കാട്ടാന അടുത്ത വീട്ടുകാരനെ ചവിട്ടിക്കൊന്നതും ഞങ്ങൾക്ക് കാണേണ്ടി വന്നിട്ടുണ്ട്. അപ്പോഴെല്ലാം ധൈര്യവും കരുത്തും എല്ലാം അങ്ങോട്ടുമിങ്ങോട്ടും കൈമാറും."" അന്നമ്മയുടെ ഓർമ്മകൾ. ''എടീ നിനക്ക് പേടിയുണ്ടോ?"" എന്ന് ചോദിക്കുമ്പോൾ ചാച്ചനുള്ളിടം എനിക്ക് സ്വർഗമല്ലേ എന്നാണ് അന്നമ്മയുടെ മറുപടി.
പരസ്പരം താങ്ങും തണലും
കപ്പയും കുടംപുളിയിട്ട് വറ്റിച്ചു വച്ച മീൻകറിയുമാണ് ചാക്കോയുടെ ഇഷ്ട ഭക്ഷണം. ഉണക്കമീൻ ആയാൽ ബഹുരസം. അന്നമ്മയ്ക്ക് എല്ലാം ഇഷ്ടമാണ്. നല്ലൊരു പാചകക്കാരി കൂടിയാണ്. രണ്ടുപേരും ഒന്നിച്ചിരുന്ന് സ്നേഹം ചേർത്ത് പരസ്പരം വിളമ്പിയാണ് കഴിക്കുന്നത്. പുതിയ തലമുറക്കാരൊക്കെ തങ്ങളെ കണ്ടുപഠിക്കണമെന്ന ഒരു ഉപദേശവും ഒരു പുഞ്ചിരിയോടെ ചാക്കോ പങ്കുവച്ചു. എത്ര വൈകിയാലും ഒന്നിച്ചിരുന്നേ ഭക്ഷണം കഴിക്കൂ. അത് പണ്ട് മുതലേയുള്ള ശീലമാണ്.

എല്ലാം തുറന്നു പറയുമ്പോഴാണ് ദാമ്പത്യം കൂടുതൽ സുന്ദരമാകുന്നതെന്നാണ് ഇവർക്ക് പറയാനുള്ളത്. കല്യാണത്തിന് മുമ്പ് പ്രണയിച്ചില്ലെങ്കിലും അതിനുശേഷം ഇഴ പിരിയാതെ കഴിയണമെങ്കിൽ മനസിലെന്നും പ്രണയം വേണം. ബൈബിളിൽ പറഞ്ഞതു പോലെ സുഖത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും എല്ലാം ഈ തണലിൽ കഴിയണം.ഇപ്പോഴും പള്ളി തിരുന്നാളിനും മറ്റും പോകുമ്പോൾ ഒന്നിച്ചേ പോകൂ. ചാക്കോ എവിടെയുണ്ടോ അവിടെ അന്നക്കുട്ടിയും കാണും. നാട്ടുകാരുടെയെല്ലാം ഇണക്കുരുവികളാണ് ഇവർ. ഇടയ്ക്ക് ചാക്കോച്ചന് ശ്വാസം മുട്ടൽ കലശലാകാറുണ്ട്. അപ്പോഴെല്ലാം മക്കൾ കളിയാക്കാറുണ്ട്, അമ്മച്ചി അടുത്തിരുന്നാൽ തീരാവുന്ന ശ്വാസംമുട്ടേ ചാച്ചനുള്ളൂവെന്ന്. സംഗതി സത്യമാണ്, അന്നക്കുട്ടി അടുത്തൊന്നിരുന്നാൽ, സ്നേഹത്തോടെ നെഞ്ചിലൊന്ന് തലോടിയാൽ എല്ലാ ബുദ്ധിമുട്ടുകളും തീരും.
ചാക്കോ - അന്നക്കുട്ടി ദമ്പതികൾക്ക് ആറ് മക്കളാണുള്ളത്. മൂത്തമകൻ തങ്കച്ചൻ മരിച്ചു. വത്സമ്മ, സെബാസ്റ്റ്യൻ, തങ്കമ്മ, ബെന്നി, ജോഷി. മകൻ സെബാസ്റ്റ്യന്റെയും ഭാര്യ കൊച്ചുറാണിയുടെയും കൂടെയാണ് ഇപ്പോഴിവർ താമസിക്കുന്നത്. നാല് തലമുറകളിലേക്ക് പകരുന്ന ചാക്കോച്ചന്റെയും അന്നക്കുട്ടിയുടെയും സ്നേഹം ഇവർക്കും താങ്ങും തണലുമാണ്. മരണത്തിലും ഒന്നിക്കണം എന്നൊരു പ്രാർത്ഥന മാത്രമെ ഇനി ഞങ്ങൾക്കുള്ളൂ.... ചാക്കോയും അന്നമ്മയും പരസ്പരം ചിരിയോടെ നോക്കി.
''നമുക്ക് മുന്തിരി തോപ്പുകളിൽ ചെന്ന് രാപ്പാർക്കാം.. അതികാലത്ത് എഴുന്നേറ്റ് മുന്തിരി തോട്ടങ്ങളിൽ പോയി മുന്തിരിവള്ളികൾ തളിർത്ത് പൂവിടരുകയും മാതളനാരകം പൂവിട്ടോ എന്നും നോക്കാം... അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രണയം തരാം.""
സോളമന്റെ ഗീതം മലമടക്കുകളിൽ നിന്നൊഴുകുന്ന കൊച്ചു കാട്ടരുവിയിലൂടെ ഒഴുകി വരുന്നതു പോലെ...
(ലേഖകന്റെ ഫോൺ: 9946108259)