uzhunnu
മംഗലശ്ശേരി ഉഴുന്നുപാടത്തെ വിളവെടുപ്പ്

പട്ടുവം: പട്ടുവത്തെ ഏറ്റവും വലിയ ഉഴുന്നുത്പാദന പാടശേഖരമായ മംഗലശ്ശേരിയിൽ വിളവെടുപ്പ് തുടങ്ങി. നല്ല തണുപ്പ് ലഭിച്ചതിനാൽ കർഷകരുടെ പ്രതീക്ഷയ്ക്കും അപ്പുറത്താണ് ഇക്കുറി വിളവ്. എന്നാൽ വിളവെടുപ്പ് തുടങ്ങിയാൽ ചാക്കും അളവ് സാമഗ്രികളുമായി കളംകയറുന്ന ഇടനിലക്കാരെ ഇക്കുറി കാണാനില്ലാത്തത് കർഷകർക്ക് തിരിച്ചടിയുമായി. കൊവിഡ് കാരണം ഉഴുന്ന് വിപണി സജീവമല്ലെന്നു കണ്ടാണ് ഇക്കൂട്ടർ പിൻവാങ്ങിയതെന്നാണ് പറയുന്നത്.
കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധി കൃഷിക്കാരെ സാരമായി ബാധിച്ചിരിക്കുന്നു. ഉഴുന്ന് അധികകാലം സൂക്ഷിച്ചു വയ്ക്കാനാവാത്തതിനാൽ ഇവ വിറ്റഴിക്കാതെയും കർഷകർക്ക് നിവർത്തിയില്ല. എളുപ്പത്തിൽ കുത്തിപോകുന്നതാണ് ഉഴുന്ന് സൂക്ഷിച്ചുവയ്ക്കാനുള്ള തടസം.

പട്ടുവം ഉഴുന്ന് പയ്യന്നൂർ വഴി

പട്ടുവം വയലിലെ ഉഴുന്ന് പയ്യന്നൂർ വഴിയാണ് വിപണനം നടന്നിരുന്നത്. പയ്യന്നൂരിൽ നിന്ന് തൃശൂരിലേക്കാണ് ഉഴുന്ന് കയറ്റി അയയ്ക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഉഴുന്നുവരവും ഇക്കുറി ഏറേക്കുറേ നിശ്ചലമാണ്. കനവും വലുപ്പവുമുള്ള കർണാടക ഉഴുന്നുവരാൻ തുടങ്ങിയാൽ പട്ടുവം ഉഴുന്നിന് വില കുറയാറുമുണ്ട്.