കണ്ണൂർ: ഏഴിമല നാവിക അക്കാഡമി ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശമയച്ച പ്രതിയെ മുംബയിൽ കണ്ടെത്തി. അന്ധേരിയിലെ താമസക്കാരനായ യുവാവിനെയാണ് പയ്യന്നൂരിൽ നിന്നുള്ള അന്വേഷണ സംഘം കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചായി സൂചനയുണ്ട്. കേസിൽ ഉടൻ ഹാജരാകണമെന്നറിയിച്ച് ഇയാൾക്ക് നോട്ടിസ് നൽകിയിട്ടുണ്ട്.
പ്രതിരോധ വകുപ്പിൽ ജോലി ചെയ്യുന്ന കാമുകി മറ്റൊരാളെ വിവാഹം ചെയ്തതിനാലാണ് ആഭ്യന്തര സുരക്ഷാ മേഖലയായ നാവിക അക്കാഡമി ഉൾപ്പെടെ മൂന്ന് ആസ്ഥാനങ്ങൾ ബോംബ് വച്ച് തകർക്കുമെന്ന ഭീഷണി സന്ദേശമയച്ചതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ടിബറ്റൻ തീവ്രവാദ ഗ്രൂപ്പിന്റെ പേരിലാണ് ഭീഷണി സന്ദേശമയച്ചത്.
നേരത്തെ സൗദി അറേബ്യയിലെ സ്‌കൂൾ ബോംബ് വച്ച് തകർക്കുമെന്ന ഭീഷണി അയച്ചതിന് ഇയാൾക്കെതിരേ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
2020 നവംബർ 12നാണ് ബോംബാക്രമണ ഭീഷണി ഏഴിമല നാവിക കേന്ദ്രത്തിൽ എത്തിയത്. സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ നാവിക അക്കാഡമി അധികൃതർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു. പയ്യന്നൂർ സി.ഐ. എം.സി പ്രമോദ്, എ.എസ്.ഐ സലീം എന്നിവരടങ്ങിയ സംഘമാണ് അന്ധേരിയിലെത്തി അന്വേഷണം നടത്തിയത്.