തലശ്ശേരി: മേഖലയിലെ പൈതൃക ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നാടിനു സമർപ്പിച്ചു. തലശ്ശേരി പിയർറോഡിനു സമീപം തായലങ്ങാടിയിലെ ഫയർ ടാങ്ക്, ഗുണ്ടർട്ട് ബംഗ്ലാവ് എന്നിവയുടെ ഉദ്ഘാടനമാണ് ഫയർടാങ്കിനു സമീപം നടന്നത്. ടൂറിസം ഫണ്ടുപയോഗിച്ചാണ് നവീകരണ പ്രവൃത്തികൾ നടത്തിയത്. ആദ്യകാലത്ത് അഗ്നിരക്ഷാ സേനയ്ക്കു വെള്ളം ശേഖരിച്ചു വച്ചിരുന്ന ടാങ്കാണ് ഫയർ ടാങ്ക്.
ഇവിടെ കലാപരിപാടികൾ ഇരുന്നു വീക്ഷിക്കാൻ 'പെർഫോമിംഗ് യാർഡും' ലാറ്ററേറ്റ് ശിലകൾ കൊണ്ടുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടം മുതൽ പിയർ റോഡു തുടങ്ങുന്ന ഇടംവരെ ഇന്റർലോക്ക് ചെയ്തും ഓവുചാലിനു മുകളിലായി കരിങ്കൽ പാകിയും മനോഹരമാക്കിയിട്ടുണ്ട്. പിയർ റോഡ് അവസാനിക്കുന്നിടത്ത് ചെറിയൊരു പാർക്കുമൊരുക്കിയിട്ടുണ്ട്. സമീപത്തെ മരങ്ങളെ സംരക്ഷിച്ചുകൊണ്ടാണ് ഇരിക്കാനുള്ള പ്ലാനൽ ബോക്സ് നിർമിച്ചിട്ടുള്ളത്.
ഹെർമ്മൻ ഗുണ്ടർട്ടിന്റെ ഇല്ലിക്കുന്നിലെ ബംഗ്ലാവ് ഗതകാല പ്രൗഢിയിൽ തനിമ തെല്ലും ചോർന്നു പോകാതെയാണ് നവീകരിച്ചത്. മേൽക്കൂരയിൽ പണ്ട് സ്ഥാപിച്ച ഓടുകൾ ശുചിയാക്കി അതു തന്നെയാണു സ്ഥാപിച്ചത്. ബംഗ്ലാവ് ചുറ്റിനടന്നു കാണത്തക്കവിധം വരാന്തയുമുണ്ട്. ചുറ്റുപാടും കരിങ്കല്ലുപാകിയ ഇവിടെ കോഫി ഷോപ്പും ടിക്കറ്റ് കൗണ്ടറും പൊതുശുചിമുറിയും ഒരുക്കിയിട്ടുണ്ട്.