തലശ്ശേരി: വേനൽ കത്തിയാളുകയും, ജല സ്രോതസ്സുകൾ വറ്റിവരളുകയും ചെയ്യുമ്പോൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴാകുന്നു. പരാതികളുയർന്നിട്ടും വാട്ടർ അതോറിറ്റി ഉറക്കം നടിക്കുകയാണ്. മഞ്ഞോടി, തിരുവങ്ങാട് ക്ഷേത്രത്തിന് പിറകു വശത്ത് ഡ്രൈനേജിനടിയിൽ സ്ഥാപിച്ച കുടിവെള്ള പൈപ്പ് പൊട്ടിയാണ് കുടിവെള്ളം പാഴാകുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് പൈപ്പ് പൊട്ടി കുടിവെള്ളം ഡ്രൈനേജിന് പുറത്തേക്ക് ശക്തമായി ഒഴുകാൻ തുടങ്ങിയത്.
ഇതു സംബന്ധിച്ച് നാട്ടുകാർ അധികൃതരോട് പരാതിപ്പെട്ടതിനെത്തുടർന്ന് സ്ലാബ് ഉയർത്തിനോക്കി പൈപ്പ് തകർന്നത് കണ്ടുപിടിച്ചിരുന്നു. എന്നാൽ ഇവിടെ അറ്റകുറ്റപ്പണികളൊന്നും തന്നെ ചെയ്യാതെ ഗതാഗതം തടസ്സപ്പെടുത്താതിരിക്കാൻ ഉപയോഗിക്കുന്ന ട്രാഫിക് കോണുകൾ ഉപയോഗിച്ച് തടസ്സം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിൽ ഒരു കോൺ ഉപയോഗിച്ച് വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് തടസ്സപ്പെടുത്തി വാട്ടർ അതോറിറ്റി അധികൃതർ തടിതപ്പുകയാണ് ചെയ്തതെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ തിരുവങ്ങാട് അമ്പലത്തിന് മുൻ വശത്ത് കളരിയിലേക്ക് പ്രവേശിക്കുന്ന റോഡിൽ കുടിവെള്ളം പാഴാവാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. ഇവിടുത്തെ പ്രശ്നം വാൾവ് തകരാറാണെന്നാണ് അറിയാൻ കഴിയുന്നത്. ഇതിനും പരിഹാരം കാണാൻ സാധിച്ചിട്ടില്ല. കൂടാതെ കണ്ണിച്ചിറ റോഡിൽ നിന്നും ടെമ്പിൾ ഗേറ്റിലേക്ക് പ്രവേശിക്കുന്ന റോഡിലും പൈപ്പ് തകർന്ന് കുടിവെള്ളം പാഴാകുന്നത് പതിവ് കാഴ്ചയാണ്. ഇതുകാരണം ഇവിടെ റോഡാകെ തകർന്നു കിടക്കുകയുമാണ്. ടെമ്പിൾ ഗേറ്റിറങ്ങി പുതിയ റോഡിലേക്ക് പോകുന്ന ഭാഗത്തും പൈപ്പ് തകർന്ന് കുടിവെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ഏറേയായി ഇവിടെയും അറ്റകുറ്റപ്പണികൾ ഒന്നും തന്നെ ചെയ്തിട്ടില്ല.
പരാതിപ്പെട്ടാൽ പെട്ടു
വെള്ളം പാഴാകുന്നത് നാട്ടുകാർ പരാതിപ്പെട്ടാൽ ആഭാഗത്തേക്കുള്ള കുടിവെള്ള വിതരണം പൂർണ്ണമായും തടസ്സപ്പെടുത്തി റോഡിലേക്ക് വെള്ളം ഒഴുകുന്നത് നിർത്തുക മാത്രമാണ് ചെയ്യുന്നത്. ഇതോടെ നാട്ടുകാർക്ക് വെള്ളം ലഭിക്കുന്നത് പൂർണ്ണമായും ഇല്ലാതാകും. അതുകൊണ്ടുതന്നെ മാദ്ധ്യമങ്ങളിൽ വാർത്ത വന്നാൽ തങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന കുടിവെള്ളം കൂടി ഇല്ലാതാവുമെന്ന ഭയവും നാട്ടുകാരിലുണ്ട്.