bharathi
ഭാരതിയും സുകന്യയും മന്ത്രി ഇ ചന്ദ്രശേഖരൻ , ജില്ലാ കളക്ടർ എന്നിവരോട് സങ്കടം വിവരിക്കുന്നു

കാസർകോട്: കൈയേറ്റ ഭൂമിയാണെന്ന് ആക്ഷേപിച്ചു നിഷേധിച്ച പട്ടയത്തിനായി മരണം വരെ ഓഫിസുകൾ കയറിയിറങ്ങിയ പിതാവിന്റെ ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് കാറഡുക്ക അടുക്കം സ്വദേശി സുകന്യ. പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം ഇനി തന്റേതെന്ന് പറയാൻ സാധിക്കുമെന്നതിന്റെ സന്തോഷത്തിലാണ് ഇവർ.

ഇന്നലെ കാസർകോട് നടന്ന അദാലത്തിലാണ് ഭാരതിയ്ക്കും മകൾ സുകന്യയ്ക്കും ദീർഘകാലസ്വപ്നം സഫലമായത്. തങ്ങളുടെ 12 സെന്റ് സ്ഥലത്തോട് ചേർന്ന് കൈവശം വച്ചനുഭവിച്ച് വരുന്ന 18 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് അവസാന ശ്രമമായാണ് ഇവർ എത്തിയത്. പ്രശ്നം വിശദമായി അറിഞ്ഞ മന്ത്രി പട്ടയം അനുവദിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെടുകയായിരുന്നു.

സ്ഥലത്തിന്റെ പട്ടയം ലഭിക്കുന്നതിനായി 1996 മുതൽ ഭാരതിയുടെ ഭർത്താവ് ബാലകൃഷ്ണൻ ഓഫീസുകൾ കയറിയിറങ്ങിയതാണ്. 1998ൽ എൽ .എ. നമ്പർ നൽകുകയും പട്ടയം അനുവദിച്ചതായി അറിയിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് പിന്നീട് വിവരം ഇല്ലാതായതോടെ ബാലകൃഷ്ണൻ വീണ്ടും ഓഫീസുകളിൽ എത്തി. നിരവധി അപേക്ഷകൾ അയച്ചു. എന്നാൽ ഈ ഭൂമി പഞ്ചായത്ത് ഭൂമിയാണെന്നും ഇതിന് പട്ടയം നൽകാനാവില്ലെന്നുമായിരുന്നു മറുപടി. ഇവരുടെ കിണറും കൃഷിയുമെല്ലാം ഈ ഭൂമിയിലാണ്. ഭൂമിയുടെ അവകാശത്തിനായി ഓഫീസുകൾ കയറിയിറങ്ങിയ ബാലകൃഷ്ണൻ 2008 ൽ മരിച്ചു.

ബാലകൃഷ്ണന്റെ മൃതദേഹം അടക്കം ചെയ്തതും ഈ ഭൂമിയിലാണ്. അച്ഛന് ലഭിക്കാതിരുന്ന പട്ടയത്തിനായുള്ള പോരാട്ടം മകൾ സുകന്യ അമ്മ ഭാരതിക്കൊപ്പം പുനരാരംഭിക്കുകയായിരുന്നു.