acharakkar

കാസർകോട്: കൊവിഡ് പ്രതിസന്ധി മൂലം കളിയാട്ടങ്ങളും ഉത്സവങ്ങളും ആളുകൾ കൂടുന്ന ചടങ്ങുകളുമില്ലാതെ നിത്യവൃത്തിയ്ക്ക് പോലും ബുദ്ധിമുട്ടുന്ന ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിലെയും കഴകങ്ങളിലെയും ആചാരസ്ഥാനികർക്കും കോലധാരികൾക്കും നൽകിവരുന്ന വേതനവും മുടങ്ങി.കഴിഞ്ഞ അഞ്ചുമാസമായി മുടങ്ങിക്കിടക്കുന്ന വേതനം അടിയന്തിരമായി നൽകിയില്ലെങ്കിൽ ആയുഷ്കാലം മുഴുവനും ദൈവോപാസനയ്ക്ക് സമർപ്പിക്കപ്പെട്ട ഇവരുടെ ജീവിതം ദുരന്തമാകുമെന്നുറപ്പാണ്.

ഫണ്ടില്ലാത്തതുകൊണ്ടാണ് മലബാർ ദേവസ്വം ബോർഡ് വേതനം നൽകാത്തതെന്നാണ് വിവരം. ഇതിന് പുറമെ പ്രതിമാസ വേതനം ലഭിക്കുന്നതിനായി നൂറുകണക്കിന് സ്ഥാനികരും കോലധാരികളും നൽകിയ അപേക്ഷകളിൽ തീരുമാനെടുക്കാൻ ദേവസ്വം ബോർഡ് തയ്യാറായിട്ടുമില്ല.

വേതനം ലഭിച്ചുകൊണ്ടിരിക്കെ മരിച്ച സ്ഥാനികരുടെ ഒഴിവിലേക്ക് പാരമ്പര്യമായി ചുമതലേയേറ്റെടുക്കുന്നവർക്കും ഈ വേതനം നൽകുന്നില്ലെന്ന് പറയുന്നു. സാമൂഹ്യപെൻഷനുകളെല്ലാം 1600 രൂപയായിവർദ്ധിപ്പിച്ച സാഹചര്യത്തിലും മറ്റൊരു തൊഴിലും ചെയ്യാൻ നിവൃത്തിയില്ലാത്ത ആചാരസ്ഥാനികരുടെ പെൻഷനിൽ 200 രൂപയുടെ മാത്രം വർദ്ധനവിൽ ഒതുക്കിയത്.

കൊവിഡ് വ്യാപനത്തെ തുടർന്ന് വരുമാനം ഇല്ലാതാവുകയും മലബാർ ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ ആയതിനാലുമാണ് ആചാരസ്ഥാനികരുടെ വേതനവും മുടങ്ങിയിരിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. വരുമാനം നിലച്ചതിനാൽ ക്ഷേത്ര ജീവനക്കാർക്ക് പോലും ശമ്പളം നല്കാൻ കഴിയുന്നില്ലെന്നും ബോർഡ് പറയുന്നു. സർക്കാർ കനിഞ്ഞാൽ മാത്രമേ ക്ഷേത്രങ്ങളും ജീവനക്കാരുമെല്ലാം രക്ഷപ്പെടുകയുള്ളൂവെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതിനിധികളിലൊരാൾ പറഞ്ഞത്.

വർദ്ധിപ്പിച്ചു,പക്ഷ കൈയിൽ കിട്ടണ്ടേ

1100 രൂപയായിരുന്ന വേതനം എൽ .ഡി .എഫ് സർക്കാർ 1200 രൂപയായി വർദ്ധിപ്പിച്ചിരുന്നു. തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി അടക്കമുള്ള സംഘടനകളുടെ ആവശ്യപ്രകാരം എം .എൽ. എ മാരായ കെ. കുഞ്ഞിരാമനും എം. രാജഗോപാലനും സി. കൃഷ്ണനും അടക്കമുള്ളവർ നിയമസഭയിൽ അടക്കം ഇക്കാര്യം ഉന്നയിച്ചിരുന്നു. എൽ .ഡി .എഫ് സർക്കാർ ആനുകൂല്യം പ്രഖ്യാപിക്കുന്ന കാര്യത്തിൽ സഹായം ചെയ്തുവെങ്കിലും വിതരണം മുടങ്ങിയതിനാൽ വർദ്ധിപ്പിച്ച തുകയുടെ ആനുകൂല്യം ആചാരസ്ഥാനികർക്ക് ഇതുവരെ കിട്ടിത്തുടങ്ങിയിട്ടില്ല. ഉത്തരവ് ഇറങ്ങിയില്ലെന്ന കാരണം പറഞ്ഞാണ് അതും നിഷേധിക്കുന്നത്. നേരത്തെ കിട്ടിക്കൊണ്ടിരുന്ന വാർദ്ധക്യകാല പെൻഷൻ ഉൾപ്പെടെ റദ്ദാക്കിയാണ് സർക്കാർ ആചാരസ്ഥാനികർക്ക് വേതനം നൽകിവരുന്നത്.

പ്രതിമാസ വേതനം കിട്ടാതെ കൊവിഡ് കാലത്ത് ആചാരക്കാർ ഏറെ കഷ്ടപ്പെടുകയാണ് . പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റ് ഈ വിഭാഗത്തെ സഹായിക്കണം. വേതനം നൽകാനും പുതിയ അപേക്ഷ സ്വീകരിക്കാനും നടപടി എടുത്തില്ലെങ്കിൽ ഈ മാസം അവസാനം നീലേശ്വരത്തെ ദേവസ്വം ബോർഡ് ഓഫീസിനു മുമ്പിൽ ആചാരസ്ഥാനികർ ഉപവാസം നടത്തുന്നതിന് നിർബന്ധിതരാവുകയാണ്.

രാജൻ പെരിയ ( പ്രസിഡന്റ്, ഉത്തര മലബാർ തീയ്യസമുദായ ക്ഷേത്ര സംരക്ഷണ സമിതി )

ആചാര സ്ഥാനികരുടെ വേതനം നൽകുന്നതിൽ കുടിശ്ശികയുണ്ട്. സർക്കാർ പത്തു കോടി അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അത് കിട്ടി കഴിഞ്ഞാൽ വേതനം കുടിശ്ശിക അടക്കം കൊടുത്തു തീർക്കും. പുതിയ അപേക്ഷ വിളിക്കുന്നതിനു നടപടി സ്വീകരിക്കും.

കെ. സതീഷ് ( അസിസ്റ്റന്റ് കമ്മീഷണർ മലബാർ ദേവസ്വം ബോർഡ് നീലേശ്വരം)