കാസർകോട്: ചൊവ്വാ ദൗത്യപര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് (അൽഅമൽ) ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യമെന്നും ലോകത്തിലെ അഞ്ചാം രാഷ്ട്രമെന്ന നിലയിലും യു.എ.ഇ നേട്ടങ്ങളുടെ നെറുകയിലെത്തിയപ്പോൾ അതിന്റെ തുടർ ദൗത്യത്തിൽ പങ്കാളിയാവാൻ മലയാളി ശാസ്ത്രജ്ഞനും .കാസർകോട് പള്ളിക്കര തൊട്ടി സ്വദേശിയായ യുവ എൻജിനീയറും. യു.എ.ഇ നാഷണൽ സ്‌പേസ് ആന്റ് സയൻസ് ആന്റ് ടെക്‌നോളജി സെന്ററിൽ (എൻ.എസ്.എസ്.ടി.സി) സാറ്റലേറ്റ് ഡവലപ്‌മെന്റ് എൻജിനീയറായ അഹമദ് മഷൂദാ(35)ണ് കാസർകോടിന്റെ അഭിമാനമാകുന്നത്.
നാല് വർഷമായി യു.എ.ഇ എൻ.എസ്.എസ്.ടി.സിയിൽ സീനിയർ റിസർച്ച് ആയും വിവിധ പ്രോജക്ടുകളുടെ മാനേജറായും സേവനം അനുഷ്ടിച്ചുവരികയാണ് മഷൂദ്. കഴിഞ്ഞ വർഷം അമേരിക്കയിലെ വാഷിംഗ്ടണിൽ നടന്ന സ്‌പേസ് ജനറേഷൻ അഡൈ്വസറി കൗൺസിലിൽ യു.എ.ഇയെ പ്രതിനിധീകരിച്ചത് മഷൂദായിരുന്നു. യു.എ.ഇയുടെ ചൊവ്വ ദൗത്യത്തിൽ നേരിട്ട് പങ്കാളിയല്ലെങ്കിലും 2018ൽ ആരംഭിച്ച ചൊവ്വാ പര്യവേഷണ ദൗത്യവുമായി ബന്ധപ്പെട്ട് വിവിധ സേവനങ്ങളിൽ മഷൂദും ഭാഗമാണ്.
ഏഴ് മാസത്തെ യാത്രക്ക് ശേഷമാണ് ഹോപ് പ്രോബ് കഴിഞ്ഞ രാത്രിയോടെ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ഹോപ്പ് പ്രോബിൽ നിന്ന് ഒരാഴ്ചക്കകം ചിത്രങ്ങൾ അയച്ച് തുടങ്ങും. മൂന്ന് അത്യാധുനിക സംവിധാനങ്ങളിലൂടെയാണ് പര്യവേഷണം പൂർത്തിയാക്കുന്നത്. ഭൂമിയിലെ 687 ദിവസങ്ങളായിരിക്കും ചൊവ്വയിലെ ഒരുവർഷം. വിവരശേഖരണം നടത്തുന്നതിന് ഇത്രയും ദിവസങ്ങൾ ഹോപ്പ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ തുടരും.
എമിറേറ്റ്സ് മാർസ് മിഷനാണ് ഹോബ് പ്രോബ് ദൗത്യം നിർവ്വഹിച്ചത്. പ്രോബിന്റെ പരീക്ഷണ ദൗത്യങ്ങൾ ഉടൻ ആരംഭിക്കുമെന്ന് യു.എ.ഇ അധികൃതർ അറിയിച്ചു. മനുഷ്യരെ ചൊവ്വയിലെത്തിക്കുന്നതുൾപ്പെടെയുള്ള ഭാവി പദ്ധതികൾ യു.എ.ഇ ആവിഷ്‌ക്കരിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട ദൗത്യനിർവ്വഹണത്തിൽ അഹമദ് മഷൂദുമുണ്ടാവും. യു.എ.ഇയുടെ സ്വപ്നനേട്ടത്തിൽ പങ്കാളിയായതിന്റെ അതീവ സന്തോഷത്തിലാണ് മഷൂദ്. 2017ലെ യു.എ.ഇ.യു ചാൻസലേർസ് അവാർഡ് മഷൂദിന് ലഭിച്ചിരുന്നു. യു.കെയിൽ നിന്ന് നാനോ ടെക്‌നോളജി ആന്റ് മെക്രോ സിസ്റ്റംസിൽ എം.എസ്. പഠനം പൂർത്തിയാക്കിയ ശേഷമാണ് മഷൂദ് യു.എ.ഇയിൽ എൻ.എസ്.എസ്.ടി.സിയിൽ ഭാഗമായത്.