kannur

കണ്ണൂർ: ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിന് നവകേരളം യുവകേരളം പരിപാടി കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ സംഘടിപ്പിക്കുമെന്ന് അധികൃതർ . 2000ത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നതിൽ 200 പേർക്ക് മാത്രമെ നേരിട്ട് പങ്കെടുക്കാൻ സാധിക്കുകയുള്ളു.

കാസർകോട് കേന്ദ്ര സർവകലാശാല, കേരള വെറ്റിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി വയനാട് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കും.

13ന് രാവിലെ പത്തിന് തുടങ്ങുന്ന പരിപാടിയിൽ മാദ്ധ്യമ പ്രവർത്തകൻ എം.വി നികേഷ് കുമാർ അവതാരകനാകും. കണ്ണൂർ സർവകലാശാല സംഗീത പഠന വകുപ്പ് വിദ്യാർത്ഥികളുടെ സ്വാഗത ഗാനത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ സ്വാഗത പ്രഭാഷണം നടത്തും.ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീൽ ആമുഖ പ്രസംഗം നടത്തും. 'ഇൻസ്പയർ കേരള' എന്ന വിഷയം ടെലിവിഷൻ അവതാരകൻ ജി.എസ് .പ്രദീപ് അവതരിപ്പിക്കും. 10.45ന് പരിപാടിയിൽ പങ്കെടുക്കുന്ന സർവകലാശാലകളെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശിപ്പിക്കും. 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർത്ഥി പ്രതിഭകളെ അഭിസംബോധന ചെയ്യും.

11.20ന് മുഖ്യമന്ത്രി 'നവകേരളം യുവകേരളം ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവി' എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിദ്യാർത്ഥികളുമായി നിർദേശങ്ങൾ പങ്കുവെച്ചു കൊണ്ട് സംവദിക്കും. 12.30ന് മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തും. 12.55ന് പ്രൊ വൈസ് ചാൻസലർ ഫ്രൊഫ. എ .സാബു മുഖ്യമന്ത്രിക്ക് ഉപഹാരം സമർപ്പിക്കും.

വാർത്താസമ്മേളനത്തിൽ വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, പ്രൊ വൈസ് ചാൻസലർ ഫ്രൊഫ. എ.സാബു , സിന്റിക്കേറ്റംഗങ്ങളായ എൻ. സുകന്യ, ഡോ. വി.പി.പി മുസ്തഫ, ഡോ. കെ.ടി ചന്ദ്രമോഹൻ, ഡോ. ടി.പി അഷ്രഫ്, ഡോ. പ്രമോദ് വെള്ളച്ചാൽ, രജിസ്ട്രാർ ഇൻ ചാർജ് ഇ.വി.പി.മൊഹമ്മദ് , വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്‌സൺ എം.കെ.ഹസ്സൻ എന്നിവർ സംബന്ധിച്ചു.