നീലേശ്വരം: ഓവർ ബ്രിഡ്ജ് മുതൽ താലൂക്ക് ആശുപത്രി വരെ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി സ്ഥലം വിട്ട് നൽകുന്നവരുടെ രേഖകൾ പരിശോധിച്ച് തുടങ്ങി. നീലേശ്വരം -ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന്റെ ഭാഗമായാണ് മേല്പാലം മുതൽ താലൂക്ക് ആശുപത്രി വരെ റോഡ് വീതി കൂട്ടുന്നത്. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു.
സ്ഥലം വിട്ട് കൊടുക്കുന്നവരുടെയും, നഷ്ടപ്പെടുന്ന കെട്ടിടങ്ങളുടെയും വില കണക്കാക്കാനാണ് ഇപ്പോൾ രേഖകൾ പരിശോധിക്കുന്നത്. ഓവർബ്രിഡ്ജ് മുതൽ താലൂക്ക് ആശുപത്രി വരെ മൊത്തം 128 പേരുടെ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ഇന്നലെ 60 ഓളം പേരുടെ രേഖകൾ, കുടിക്കട സർട്ടിഫിക്കറ്റ്, പൊസിഷൻ, പാൻകാർഡ്, ആധാർ കാർഡ്, നികുതി രശീത് എന്നിവ പരിശോധിക്കുകയുണ്ടായി. പരിശോധന ഇന്നും തുടരും.
10 കോടി 80 ലക്ഷം രൂപയാണ് റോഡിന് വേണ്ടി സ്ഥലം വിട്ടുകൊടുക്കുന്നവർക്കും നഷ്ടപ്പെടുന്ന കെട്ടിടങ്ങൾക്കും വേണ്ടി കിഫ്ബി അനുവദിച്ചിട്ടുള്ളത്.