നീലേശ്വരം: ദേശീയപാത പള്ളിക്കര റെയിൽവേ ഓവർ ബ്രിഡ്ജിന്റെ നിർമ്മാണം പുരോഗമിക്കുമ്പോൾ മറുഭാഗത്ത് ചീറ്റക്കാൽ കുന്ന് നാശത്തിലേക്ക്. റെയിൽവേ ഓവർ ബ്രി‌ഡ്ജിന് വേണ്ടി മണ്ണെടുക്കാനുള്ള അനുമതിയുടെ മറവിലാണ് ഇവിടെ നിന്നും മാസങ്ങളായി മണ്ണ് കടത്തികൊണ്ടു പോകുന്നത്.

തൊട്ടടുത്ത് താഴെയുള്ള മുൻകാലങ്ങളിൽ മൂന്ന് വിളവെടുക്കുന്ന ചീറ്റക്കാൽ വയലിൽ ഇപ്പോൾ വെള്ളം കുറഞ്ഞ് വരുന്നതായി പരിസരവാസികൾ പറയുന്നുണ്ട്. കുന്നിനെ നെടുകെ പിളർത്തി കൊണ്ടാണ് ആയിരക്കണക്കിന് മണ്ണ് തുരന്നെടുക്കുന്നത്. ഇതുകൊണ്ടുതന്നെ മഴക്കാലങ്ങളിൽ ഉരുൾപൊട്ടാനും സാദ്ധ്യതയേറെയാണ്. മുൻകാലങ്ങളിൽ മണ്ണെടുത്ത ഭാഗങ്ങളിൽ ഇപ്പോൾ വീട് കെട്ടി താമസിക്കുന്നുണ്ട്.

ഇത്തരം വീടുകൾക്കും മണ്ണെടുക്കുന്നത് ഭീഷണിയാണ്. കാര്യങ്കോട്,​ ചീറ്റക്കാൽ, പൊടോതുരുത്തി ഭാഗങ്ങളിലെ കിണറുകളിൽ ജലനിരപ്പ് താഴുന്നതായും ഇവിടെയുള്ളവർ പറയുന്നുണ്ട്. റെയിൽവേ ഓവർബ്രിഡ്ജ് വികസനം ആവശ്യമാണെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും ഇതിന്റെ പേരിൽ മണ്ണ് പുറത്ത് കൊണ്ടുപോകുന്നതിലാണ് നാട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കുന്നത്.