കണ്ണൂർ: ഇന്ത്യ കണ്ട ഏറ്റവും ഉജ്ജ്വലമായ കർഷകസമരത്തിന് ഐക്യദാർഢ്യവുമായി കണ്ണൂരിൽ നടത്തുന്ന സത്യഗ്രഹസമരം 51ദിവസം പിന്നിടുമ്പോൾ കണ്ണാടിയൻ ഭാസ്‌കരനും ചന്ദ്രൻ പാലക്കലും പതിവുപോലെ വേദിയിലുണ്ട്. കർഷകർക്ക് വേണ്ടി നടക്കുന്ന സമരത്തിൽ ഒരു ദിവസവും വിട്ടുനിൽക്കാനാവില്ലെന്നാണ് ഇരുവരുടേയും അഭിപ്രായം.
കാലത്ത് ഏഴു മണിയോടെ തന്നെ സമരപന്തലിലെത്തിയാൽ പിന്നെ അന്നേ ദിവസം സമരം അവസാനിക്കുന്നത് വരെ വേദിയിലും സദസ്സിലുമുള്ളവരുടെ വിളിപ്പാടകലെ ഇരുവരുമുണ്ടാകും.കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെടരുതെന്ന ജാഗ്രതയോടെയുള്ള ഇരുവരുടെയും പ്രവർത്തനങ്ങൾ സമരപന്തലിലെത്തുന്നവർക്കും നേതാക്കൾക്കുമെല്ലാം ഒരു പോലെ ആശ്വാസം. ഇത്രയും കാലത്തെ പാർട്ടിപ്രവർത്തനത്തിൽ ഇതു പോലൊരു ആവേശം പകർന്ന സമരം ഉണ്ടായിട്ടില്ലെന്നു തന്നെയാണ് ഇരുവരുടെയും അഭിപ്രായം.
കിസാൻസഭ ജില്ലാ ജോയിന്റ് സെക്രട്ടറിയും സി പി ഐ കല്ല്യാശ്ശേരി ലോക്കൽ കമ്മിറ്റിയംഗവുമാണ് ഇരിണാവ് സ്വദേശിയായ കണ്ണാടിയൻ ഭാസ്‌കരൻ.കർഷകസംഘം കണ്ണൂർ ഏരിയാകമ്മിറ്റിയംഗമായ ചന്ദ്രൻ വളരെ ചെറുപ്പത്തിൽ തന്നെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാണ്. ചിറക്കൽ സ്വദേശിയായ അദ്ദേഹം സി.പി.എം വളപട്ടണം ലോക്കൽ കമ്മിറ്റിയംഗമാണ്.