കാഞ്ഞങ്ങാട്: വേനൽ കടുത്തതോടെ തീ പിടുത്തം വ്യാപകമായി. ഓരോ ദിവസവും അഗ്‌നിശമന സേനയുടെ ഓഫിസിലേക്ക് വരുന്ന'തീ' വിളികളുടെ എണ്ണം ഇരട്ടിയായി. ഉണങ്ങിയ പുല്ലുകളും കാടുകളുമാണ് വ്യാപകമായി കത്തുന്നത്. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ കാഞ്ഞങ്ങാട് അഗ്‌നിശമന സേന ഓഫീസിലേക്ക് മാത്രമായി 48 ഫോൺ വിളികളാണ് എത്തിയത്. വിവിധ ഇടങ്ങളിൽ ഒരേ സമയം ഉണ്ടാകുന്ന തീപിടുത്തം സേനയ്ക്കും പരീക്ഷണമാകുന്നു. വാഹനം കടന്നു ചെല്ലാത്തിടത്ത് തീപടർന്നാൽ പച്ചക്കമ്പ് കൊണ്ട് തല്ലി കെടുത്തുക മാത്രമാണ് രക്ഷ. മലയോര മേഖലയിൽ തീപിടുത്തമുണ്ടായാൽ അഗ്‌നിശമന സേന എത്താൻ ഏറെ വൈകുന്നുവെന്ന പരാതിയുമുണ്ട്. 40 കിലോമീറ്റർ ഓടിയെത്താൻ തന്നെ മണിക്കൂർ വേണം. അശ്രദ്ധയാണ് തീപിടുത്തത്തിന് പലപ്പോഴും കാരണം. വൈദ്യുതി കമ്പികൾ പരസ്പരം കൂട്ടിമുട്ടിയുണ്ടാകുന്ന തീപ്പൊരികളും പറമ്പുകളിൽ തീയിടുന്നതും തീപിടുത്തത്തിന് കാരണമാകുന്നു.