ചെറുവത്തൂർ: പുരോഗമന കലാ -സാഹിത്യ സംഘം കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന "സോദരത്വേന " - കലാ-സാംസ്ക്കാരിക യാത്രയ്ക്ക് 13ന് ചെറുവത്തൂരിൽ തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് സംഘം സംസ്ഥാന ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. ഡോ.സുനിൽ .പി .ഇളയിടം മുഖ്യ പ്രഭാഷണം നടത്തും. സി.എം.വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ വച്ച് ഡോ.വി.പി.പി.മുസ്തഫയുടെ "ജൈവ നീതിദർശനം .പി. കവിതയിൽ " എന്ന പുസ്തകം പ്രകാശനം ചെയ്യും.
ജില്ലയിലെ നാൽപതോളം കേന്ദ്രങ്ങളിൽ ജനങ്ങളുമായി സംവദിച്ചുകൊണ്ട് യാത്ര 24 ന് ബോവിക്കാനത്ത് സമാപിക്കും. സമാപന സമ്മേളനം കഥാകാരൻ ടി പദ്മനാഭൻ ഉദ്ഘാടനം ചെയ്യും. ഡോ.കെ.എം.അനിൽ മുഖ്യ പ്രഭാഷണം നടത്തും. സി.എം.വിനയചന്ദ്രൻ ലീഡറും ജയചന്ദ്രൻ കുട്ടമത്ത് മാനേജറുമായിട്ടുള്ള സാംസ്ക്കാരി യാത്രയിൽ ജി.അംബുജാക്ഷൻ, ഡോ.എൻ.പി.വിജയൻ, അഡ്വ.സി.ഷുക്കൂർ , എ. വിധുബാല എന്നിവർ സ്ഥിരാംഗങ്ങളാണ്. വാർത്താ സമ്മേളനത്തിൽ സി.എം.വിനയചന്ദ്രൻ , മാധവൻ മണിയറ, സി.വി. പ്രമീള, ജയചന്ദ്രൻ കുട്ടമത്ത്, അനീഷ് വെങ്ങാട്ട്, കെ.കെ.നായർ പങ്കെടുത്തു.