പയ്യന്നൂർ: സാംസ്കാരിക വകുപ്പിന് കീഴിലുള്ള കേരള പൂരക്കളി അക്കാഡമിക്ക് പയ്യന്നൂരിൽ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നു. ശിലാസ്ഥാപനം ശനിയാഴ്ച വൈകിട്ട് മൂന്നിന് സി. കൃഷ്ണൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി എ.കെ. ബാലൻ നിർവ്വഹിക്കും. വെള്ളൂർ കുടക്കത്ത് കൊട്ടണച്ചേരി ദേവസ്വം സൗജന്യമായി നൽകിയ
50 സെന്റ് സ്ഥലത്ത് സർക്കാർ അനുവദിച്ച രണ്ട് കോടി രൂപ ചെലവിലാണ് ആസ്ഥാനമന്ദിരം നിർമ്മിക്കുന്നത്.
പൂരക്കളിയുടെയും മറത്തുകളിയുടെയും സമഗ്ര പഠനവും പരിശീലനവും പ്രദർശനവും വ്യാപനവും അനുബന്ധ പരിപാടികളുമാണ് ആസ്ഥാനമന്ദിരം കൊണ്ട് ലക്ഷ്യമിടുന്നത്.
വിപുലമായ ലൈബ്രറി, മ്യൂസിയം, സംസ്കൃത പഠന സൗകര്യം, പൂരക്കളി സംഗീതം, അനുബന്ധ കലാ-സാംസ്കാരിക പഠനവും പരിശീലനവും, യോഗ, കളരി പഠന കേന്ദ്രം തുടങ്ങിയവ മന്ദിരത്തിൽ ഉണ്ടാകും. വാർത്താസമ്മേളനത്തിൽ സി. കൃഷ്ണൻ എം.എൽ.എ, സംഘാടകസമിതി ചെയർമാൻ ഇ. ഭാസ്കരൻ, പൂരക്കളി അക്കാഡമി സെക്രട്ടറി കെ.വി മോഹനൻ അംഗങ്ങളായ എൻ. കൃഷ്ണൻ, വി.ഇ. രാഗേഷ് , എ.വി.ശശി, രാജൻ പണിക്കർ ,മോഹനൻ മേച്ചേരി തുടങ്ങിയവർ പങ്കെടുത്തു.