
കാഞ്ഞങ്ങാട്: ആറുവയസുകാരിയെ കെട്ടിയിട്ട് നാക്കിൽ മുളകരച്ചുതേച്ച സംഭവത്തിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ചിറ്റാരിക്കാൽ പറമ്പ അങ്കണവാടിക്ക് സമീപം താമസിക്കുന്ന തമ്പി (61), ഭാര്യ ഉഷ (38) എന്നിവരെയാണ് ചിറ്റാരിക്കൽ എസ്.ഐ കെ. പ്രശാന്ത് അറസ്റ്റ് ചെയ്തത്. ഇരുവരെയും ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കുട്ടിയെ സർക്കാരിന്റെ സംരക്ഷണകേന്ദ്രത്തിലാണ്.
ജനുവരി 20ന് പറമ്പയിലെ വീട്ടിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന തമ്പിയും ഉഷയും ചേർന്ന് നിസാരകാരണത്തിന്റെ പേരിൽ കുട്ടിയെ കെട്ടിയിട്ട് മുളകരച്ച് തേയ്ക്കുകയായിരുന്നു. ഇവിടെ നിന്ന് ഓടിയ കുട്ടി അയൽവീട്ടിൽ അഭയം തേടിയതോടെയാണ് മാതാപിതാക്കളുടെ ക്രൂരത പുറംലോകമറിഞ്ഞത്. പിന്നാലെ ചിറ്റാരിക്കൽ പൊലീസും ചൈൽഡ് ലൈൻ പ്രതിനിധികളും സ്ഥലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തു.
ചൈൽഡ് ലൈനിന്റെ പരാതിയിൽ മാതാപിതാക്കൾക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ദമ്പതികളുടെ മൂത്ത കുട്ടി പടന്നക്കാട്ടെ നിർഭയ കേന്ദ്രത്തിലാണ്.