തലശ്ശേരി: ചുട്ടുപൊള്ളുന്ന വിദ്യാഭ്യാസ സമകാലീന പ്രശ്നങ്ങളെ ആധാരമാക്കി തുടർച്ചയായി സിനിമകൾ നിർമ്മിച്ച്, സംസ്ഥാന പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടിയ മുതിയങ്ങ ഈസ്റ്റ് എൽ.പി.സ്‌കൂൾ പ്രേക്ഷകരുടെ മനം കവരുന്നു. പ്രദർശനത്തിന് തയ്യാറെടുക്കുന്ന 'പുതിയ പാഠം' വർത്തമാനകാലത്ത് ഏറെ പ്രസക്തമായ കൊവിഡ് കാലത്തിന്റെ ജീവിതമാണ് അനാവരണം ചെയ്യുന്നത്.
മൂന്ന് വർഷത്തിനിടെ മൂന്ന് സിനിമകൾ പുറത്തിറക്കിയ ഈ പ്രൈമറി സ്‌കൂൾ അപൂർവ്വ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. വിവിധ മേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ആദ്യ ചിത്രമായ 'സഹപാഠി ' കേരള ലൈബ്രറി കൗൺസിലിന്റെ ചലച്ചിത്ര മേളയിൽ മികച്ച കുട്ടികളുടെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടാമത്തെ ചിത്രമായ 'ഇഴപിരിയാതെ ' കേരള വിദ്യാഭ്യാസ വകുപ്പിന്റെ ചലച്ചിത്രോത്സവത്തിൽ നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. മൂന്നാമത്തെ ചിത്രമായ 'പുതിയ പാഠം' ചിത്രീകരണം പൂർത്തിയാക്കി പ്രഥമ പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്.
ലോക് ഡൗൺ കാലത്തെ പഠന പരിമിതികളെ മറികടന്ന്, പ്രത്യാശയും പ്രതീക്ഷകളും ചിത്രം അനാവരണം ചെയ്യുന്നു. സ്‌കൂൾ വിദ്യാർത്ഥികളായ അനശ്വര, ഐഥിക് സജീഷ്, ചൊക്ലിയിലെ ഭഗത്, മാനന്തേരിയിലെ ഇവ എന്നിവർ പ്രധാന വേഷത്തിൽ രംഗത്തെത്തും. കൊട്ടിയൂർ , മാനന്തേരി ,പാട്യം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം .മൂന്ന് ചിത്രങ്ങളുടേയും ഛായാഗ്രഹണം, കലാസംവിധാനം എന്നിവ നിർവഹിച്ചത് യഥാക്രമം പ്രജി വേങ്ങാട് ,പ്രമോദ് ചിത്രം എന്നിവരാണ് ' പ്രധാന അദ്ധ്യാപകനായ കെ.കെ വിജയനാണ് മൂന്ന് ചിത്രങ്ങളുടേയും രചനയും, സംവിധാനവും നിർവഹിച്ചത്.
സ്‌കൂളിന് നിരവധി പുരസ്‌കാരങ്ങൾ നേരത്തേയും ലഭിച്ചിട്ടുണ്ട്. കൃത്രിമ ഭൂജല പരിപോഷണത്തിന് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി. കേരള ഗണിതശാസ്ത്ര കോൺഗ്രസിലേക്ക് അഞ്ച് തവണ തെരഞ്ഞെടുക്കപ്പെടുകയും, പുരസ്‌കാരങ്ങൾ നേടുകയും ചെയ്തു. അദ്ധ്യാപക അവാർ ഡ് മൂന്നു തവണ ലഭിച്ചു. സ്‌കൂൾ പത്രം അക്കാഡമി ഏർപ്പെടുത്തിയ ദേശീയ അദ്ധ്യാപക അവാർഡും സ്‌കൂളിന്റെ നേട്ടങ്ങളിൽ ചിലതാണ്. എം സുഗതൻ പ്രസിഡന്റായ പി.ടി.എ കമ്മിറ്റിയുടേയും നാട്ടുകാരുടേയും, മാനേജരുടേയും സഹായത്തോടെ 'പുതിയ പാഠം' പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂൾ അധികൃതർ.