adipatha
: തലശ്ശേരി മൂന്നാം ഗേറ്റിൽ പണി പൂർത്തിയായി വരുന്ന അടിപ്പാത

തലശ്ശേരി: ലെവൽക്രോസ് രഹിത റോഡിനായി തലശ്ശേരി മൂന്നാം ഗേറ്റിൽ നിർമ്മാണത്തിലിരിക്കുന്ന അടിപ്പാത നൽകുന്നത് ആശങ്ക മാത്രം. ഉയരം കുറഞ്ഞ ഇടുങ്ങിയ അടിപ്പാത വഴി ബസുകൾക്കോ ഭാരവാഹനങ്ങൾക്കോ കടന്നു പോകാനാവില്ലെന്നതിനാലാണിത്. എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനുള്ള വീതിയും ഇതിനില്ല.

വീതികുറഞ്ഞ റോഡിൽ ഇരുവശത്തും വളവും തിരിവുമുണ്ട്. എതിരെ വരുന്ന വാഹനങ്ങളെ കാണാനുമാവില്ല. ദശകങ്ങൾക്ക് മുമ്പു തന്നെ ബസ് റൂട്ടുണ്ടായിരുന്ന ഈ റോഡിലൂടെയാണ് തലശ്ശേരി മെയിൻ റോഡ് ഗതാഗതക്കുരുക്കിലാകുമ്പോൾ വാഹനങ്ങൾ കടന്നുപോകാറ്.കല്ലായി തെരു, വാടിക്കൽ ജംഗ്ഷൻ പിന്നിട്ട് ചക്യത്ത് മുക്ക് വഴി ദേശീയപാതയിലേക്ക് കടക്കുന്ന ഈ സമാന്തരപാത അടിപ്പാത വന്നതോടെ ബസുകളടക്കമുള്ള വലിയ വാഹനങ്ങൾക്ക് നിഷേധിക്കപ്പെടുകയാണ്.

2019 ഡിസംബർ ആദ്യവാരമാണ് മൂന്നാം ഗേറ്റിൽ അടിപ്പാത നിർമാണം തുടങ്ങിയത്. തലശ്ശേരി,തിരുവങ്ങാട് ഭാഗങ്ങളിൽ നിന്ന് ജഗന്നാഥക്ഷേത്രത്തിലേക്കും പാറാൽ, പള്ളൂർ, ചൊക്ളിയടക്കമുള്ള പരിസര പ്രദേശങ്ങളിലേക്കുമുള്ള എളുപ്പവഴികളിലൊന്നാണിത്. ഈ പാത അടച്ചതോടെ മഞ്ഞോടി വഴിയോ സൈദാർപള്ളി വഴിയോ, ചുറ്റിത്തിരിഞ്ഞ് മാത്രമെ ക്ഷേത്രത്തിലെത്താനാകുന്നുള്ളു.

രണ്ടുവർഷം മുമ്പ് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നാറ്റ്പാക്ക് പഠനം നടത്തി നിർദേശങ്ങൾ സർക്കാരിന് നൽകിയിരുന്നു. അതിലൊന്ന് പുല്ലമ്പിൽ റോഡ് മുതൽ മൂന്നാംഗേറ്റ് വഴി ദേശീയപാതയിലെത്താനുള്ള റോഡ് നവീകരണമായിരുന്നു. എന്നാൽ അടിപ്പാതയ്ക്ക് ഉയരം കുറവായതിനാൽ റോഡ് നവീകരിച്ചിട്ടും പ്രയോജനമുണ്ടാകില്ല.

മഴക്കാലത്ത് വെള്ളപ്പൊക്കം

അടിപ്പാത നിർമ്മാണത്തെ തുടർന്ന് ഒഴുക്ക് തടസ്സപ്പെട്ടതിനാൽ കഴിഞ്ഞ മഴക്കാലത്ത് ഒട്ടേറെ വീടുകളിൽ വെള്ളംകയറിയിരുന്നു. മൂന്ന്. ഇതിലൂടെയുള്ള വഴി തടസ്സപ്പെട്ടതിനാൽ താത്കാലികമായി വഴിയുണ്ടാക്കുകയായിരുന്നു. ഇതിലൂടെയാണ് ആളുകൾ ഇപ്പോഴും കടന്നുപോകുന്നത്. താഴ്ന്ന സ്ഥലത്തായാതിനാൽ അടിപ്പാത പൂർത്തിയായാലും കാലവർഷത്തിൽ മഴവെള്ളം കെട്ടിക്കിടന്ന് കാൽനടയാത്ര പോലും അസാദ്ധ്യമാകുമെന്ന് നാട്ടുകാർ പറയുന്നു.