കണ്ണൂർ : പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മത്സരിക്കുമെന്ന് ആവർത്തിച്ച് കെ.എം ഷാജി . വിജിലൻസ് കേസിനെ ഭയമില്ലെന്നും സുരക്ഷിത മണ്ഡലം തേടിപ്പോകില്ലെന്നുമാണ് ഇദ്ദേഹത്തിന്റെ നിലപാട്. അഴീക്കോട് സീറ്റുകൾ വച്ച് മാറുന്നതിൽ തീരുമാനമായിട്ടില്ലെന്നും ഷാജി കണ്ണൂരിൽ പറഞ്ഞു.
ഇക്കുറി ഷാജി അഴീക്കോട് മത്സരിക്കില്ലെന്നായിരുന്നു ആദ്യ ഘട്ടത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ തവണ എം.വി നികേഷ് കുമാറിനെയും അതിനുമുമ്പ് എം. പ്രകാശനെയും പരാജയപ്പെടുത്തിയാണ് കെ.എം ഷാജി അഴീക്കോട് നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയത്. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ കെ.എം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിച്ചെന്ന കേസ് വിജിലൻസ് അന്വേഷിച്ചുവരികയാണ്. ഒരുതവണ ഷാജിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
അഴീക്കോട് മണ്ഡലത്തിൽ മുസ്ലിം ലീഗും കോൺഗ്രസും തമ്മിൽ ഇടഞ്ഞുനിൽക്കുന്നത് വലിയ ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ് യു.ഡി.എഫിന്. വളപട്ടണം പഞ്ചായത്തിൽ അതേ സമയം പ്രാദേശിക നേതൃത്വം ഷാജിക്ക് പിന്തുണയുമായി വന്നെങ്കിലും കോൺഗ്രസ്, ലീഗ് ജില്ലാ നേതൃത്വങ്ങൾ ഇപ്പോഴും പരസ്പരം സംശയിക്കുന്ന സ്ഥിതിയുമുണ്ട്.
അഴീക്കോട് മണ്ഡലത്തിൽ കോൺഗ്രസും ലീഗും തമ്മിലുള്ള ശീതസമരം രൂക്ഷമായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ കാലുവാരിയേക്കുമെന്ന ആശങ്കയും ലീഗിലെ ഒരു വിഭാഗത്തിനുണ്ട്. ലീഗിലും പ്രശ്നങ്ങൾ കുന്നുപോലെ കിടക്കുകയാണ്. ജില്ലാ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന യൂത്ത് ലീഗിനെ അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങളൊന്നും ലക്ഷ്യം കാണാത്തതിലും നേതാക്കൾക്ക് കടുത്ത ആശങ്കയുണ്ട്.ജില്ലാ ലീഗ് നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനമുന്നയിച്ച് ഡി.സി.സി ജന സെക്രട്ടറിയും അഴീക്കോട് മണ്ഡലം യു.ഡി.എഫ് കൺവീനറുമായ ബിജു ഉമ്മർ കൺവീനർ സ്ഥാനം രാജിവച്ചതും മറ്റൊരു തലവേദനയാണ്.
ഇടപെടാനാകാതെ നേതൃത്വം
മണ്ഡലത്തിൽ മുന്നണി ബന്ധം വഷളാക്കിയത് ജില്ലാ നേതൃത്വത്തിന്റെ പിടിപ്പു കേടും കഴിവില്ലായ്മയുമാണെന്നാണ് ലീഗ് പ്രവർത്തകർ പറയുന്നത്. തദ്ദേശതിരഞ്ഞെടുപ്പിൽ വളപട്ടണം പഞ്ചായത്തിൽ ലീഗും കോൺഗ്രസും നേരിട്ടു മത്സരിക്കാനുള്ള സാഹചര്യമുണ്ടാക്കിയത് നേതൃത്വത്തിന്റെ കഴിവു കേടാണെന്ന് ഇവർ ആരോപിക്കുന്നു.പ്രശ്‌നം പരിഹരിക്കുന്നതിനു പകരം സൗഹൃദ മത്സരമെന്നു പറഞ്ഞ് വിഷയം ലഘൂകരിച്ചു കാണുകയാണ് ജില്ലാ നേതൃത്വം ചെയ്തത്. ഇതെല്ലാം നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ തോതിൽ പ്രതിഫലിച്ചേക്കുമെന്ന് പാർട്ടികമ്മിറ്റികളിൽ ചൂണ്ടിക്കാട്ടിയിട്ടും നടപടി ഉണ്ടായില്ലെന്നും പ്രവർത്തകർ പറയുന്നു.