ravi
കലൈമാമണി രവിമാസ്റ്ററുടെ രചനകളിലൊന്ന്

മാഹി : മനുഷ്യനെ പോലെ വന്യമല്ലാത്ത പ്രകൃതിയുടെ മനസിനെ വരകളിലൂടേയും, വർണ്ണങ്ങളിലൂടേയും കാവ്യാത്മകമാക്കിയ കലാകാരനാണ് ഇന്നലെ വിട പറഞ്ഞ പ്രശസ്ത ചിത്രകാരൻ കലൈമാമണി പി. രവി മാസ്റ്റർ.
സ്വപ്നം പോലെ സുന്ദരമായ പ്രകൃതി ലാവണ്യവും ദാർശനിക തലത്തിലേക്ക് അനുവാചകരെ ആനയിക്കുന്ന അമൂർത്തരചനകളും ഒരേപോലെ കൈകാര്യം ചെയ്യാൻ കെൽപ്പുള്ള ചിത്രകാരനായിരുന്നു അദ്ദേഹം. പ്രസാദാത്മകമായ തെളിമയുള്ള നേർക്കാഴ്ചകളിലൂടെ വരയുടെ ദൃശ്യവിസ്മയമൊരുക്കിയ രവി മാസ്റ്ററുടെ രചനകൾ കേരളത്തിനകത്തും പുറത്തും നിരവധി സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.ഗ്രാമ്യ നന്മയുടെ ഗൃഹാതുര ഭാവങ്ങളാണ് രവിയുടെ രചനകളിൽ നിഴലിക്കുന്നത്.
ചിത്രകലാ അദ്ധ്യാപകനെന്ന നിലയിൽ നൂറുകണക്കിന് കുട്ടികളെ, കൈപിടിച്ചുയർത്തിയ ഗുരുശ്രേഷ്ഠനായിരുന്നു അദ്ദേഹം. മയ്യഴി മേഖലാ സ്‌കൂൾ ബാലകലാമേള, യുവജനോത്സവം എന്നിവയുടെ സംഘാടകരിൽ എന്നും മുൻനിരക്കാരനായിരുന്നു അദ്ദേഹം.ദേശീയ പോസ്റ്റർ രചനാ മത്സരങ്ങളിൽ പലവട്ടം സമ്മാനിതനായ അദ്ദേഹത്തിന്, മികച്ച ചിത്രകാരനെന്ന നിലയിൽ രാഷ്ട്രപതിയിൽ നിന്ന് പുരസ്‌ക്കാരമേറ്റുവാങ്ങാൻ ഭാഗ്യവുമുണ്ടായി. പുതുച്ചേരി സർക്കാർ കലൈമാമണി പുരസ്‌ക്കാരം നൽകി ഈ പ്രതിഭയെ ആദരിച്ചിരുന്നു.
ആർട്ടിസ്റ്റ് ബാലൻ പണിക്കരിൽ നിന്നും ചിത്രകലാഭ്യസനം സ്വായത്തമാക്കിയ രവി, പിന്നീട് തലശ്ശേരിയിലെ കേരള സ്‌കൂൾ ഓഫ് ആർട്സ്, കോയമ്പത്തൂർ ഫൈൻ ആർട്സ് കോളജ് എന്നിവിടങ്ങളിൽ നിന്ന് ചിത്രകലാ പഠനം പൂർത്തിയാക്കുകയും, മാഹി വിദ്യാഭ്യാസ മേഖലയിൽ ചിത്രകലാ അദ്ധ്യാപകനായി മാറുകയുമായിരുന്നു.