akg
എ.കെ.ജി മ്യൂസിയത്തിന്റെ രൂപരേഖ

കണ്ണൂർ: പ്രക്ഷോഭ സമരങ്ങളിലെ മുൻനിര പോരാളിയും പാവങ്ങളുടെ പടത്തലവനുമായിരുന്ന എ .കെ ഗോപാലന് ജന്മനാട്ടിൽ സ്മാരകമുയരുന്നു. സ്മൃതി മ്യൂസിയമായാണ് സ്മാരകമൊരുക്കുന്നത്. എ. കെ. ജിയുടെ ജീവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ അടയാളപ്പെടുത്തുകയാണ് സ്മാരകത്തിന്റെ ലക്ഷ്യം. ഫോട്ടോകളും, ചിത്രങ്ങളുംരേഖകളും, ദൃശ്യശകലങ്ങളും വെർച്വൽ റിയാലിറ്റി സംവിധാനവും ഉപയോഗപ്പെടുത്തിയാണ് രാഷ്ട്രീയ ചരിത്ര സംഭവ മുഹൂർത്തങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന സ്മൃതി മ്യൂസിയം ഒരുക്കുക. പെരളശ്ശേരി പള്ളിയത്ത് നിർമ്മിക്കുന്ന സ്മൃതി മ്യൂസിയത്തിന് നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും.തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും.

പദ്ധതിയ്ക്ക് ഒമ്പത് കോടി ചിലവിൽ ഡി.പി.ആർ തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ തയ്യാറാക്കുന്ന ചെറുതീയേറ്ററിൽ എ .കെ. ജിയെക്കുറിച്ചുള്ള ഡോക്യുമെന്ററികൾ. ഒരു വർഷത്തിനുള്ളിൽ മ്യൂസിയത്തിന്റെ നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കും.

ജീവിതയാത്ര പകർത്തി
എ കെ ജിയുടെ ജീവിതയാത്രകളുടെയും സാമൂഹ്യ ഇടപെടലുകളുടെയും നേർപകർപ്പായിരിക്കും സ്മൃതി മ്യൂസിയം. 1930ലെ ഉപ്പു സത്യാഗ്രഹം, 1932ൽ നടന്ന ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ സത്യാഗ്രഹം, പട്ടിണി ജാഥ, ഇടുക്കി ജില്ലയിലെ അമരാവതിയിൽ കുടിയൊഴിപ്പിക്കലിനെതിരെ 1961 ൽ നടന്ന സത്യഗ്രഹം, 1971ൽ മിച്ചഭൂമി സമരത്തിന്റെ ഭാഗമായി നടന്ന മുടവൻ മുകൾ കൊട്ടാരമതിൽ ചാടി നടത്തിയ സമരം, ലോകസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയ ഇടപെടലുകൾ, ജീവിതത്തിന്റെ അവസാന നാളുകളിൽ അടിയന്തിരാവസ്ഥക്കെതിരെ നടത്തിയ പോരാട്ടങ്ങൾ തുടങ്ങി, എ കെ ഗോപാലന്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളുടെ രേഖകൾ ഇവിടെ പ്രദർശിപ്പിക്കും. പാർലമെന്റിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളുടെ ശേഖരവും മ്യൂസിയത്തിൽ ഉണ്ടാകും. അപൂർവം ചില വീഡിയോ ദൃശ്യങ്ങളും ഉൾക്കൊള്ളിച്ച് എ.കെ.ജിയുടെ ജീവിതം വെർച്വൽ റിയാലിറ്റിയിലൂടെയും പുതുതലമുറക്ക് പരിചയപ്പെടുത്തും.

എ.കെ.ജി സ്മൃതി മ്യൂസിയം

പെരളശ്ശേരി മക്രേരിയിൽ 3.21 ഏക്കറിൽ

10000 ചതുരശ്ര അടി വിസ്തീർണത്തിൽ ഇരുനില കെട്ടിടം

7ഗ്യാലറികളടങ്ങുന്ന പ്രദർശന സംവിധാനം

120 ഓളം പേർക്കുള്ള തിയേറ്റർ,

ഡിജിറ്റൽ ലൈബ്രറി

സ്മൃതി മ്യൂസിയത്തിൽ കോഫിഹൗസും
ആഹാര വിപണനത്തിന് ജനകീയ മുഖം നൽകിയ ഇന്ത്യൻ കോഫീ ഹൗസ് ചെയിനുകളുടെ തുടക്കക്കാരൻ എന്നതിനെ ഓർമിപ്പിച്ച് സ്മൃതി മ്യൂസിയത്തിൽ ഇന്ത്യൻ കോഫീ ഹൗസിന്റെ ഒരു ചെറിയ പതിപ്പും പ്രവർത്തിക്കും.
ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമായി ഇന്ത്യൻ കോഫീ ഹൗസ് മാറി. കോഫീ ഹൗസിന്റെ ചരിത്രം പഠിച്ചും എകെജിയുടെ ഇടപെടലുകൾ അറിഞ്ഞ് മ്യൂസിയത്തിൽ എത്തുന്നവർക്ക് ചായയും കോഫിയും ആസ്വദിക്കുവാനുള്ള ഒരു ഇടമായിരിക്കും ഇത്. കോഫീ ഹൗസിൽ ഈ ചരിത്രം ദൃശ്യ ശ്രാവ്യ രൂപത്തിൽ രേഖപ്പെടുത്തിയിരിക്കും.