ഇരിട്ടി: പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പേരാവൂർ നിയോജക മണ്ഡലത്തിൽപ്പെട്ട എടൂർ കമ്പിനിനിരത്ത് -ആനപ്പന്തി-അങ്ങാടിക്കടവ് -വാണിയപ്പാറ -ചരൾ-വളവുപാറ-കച്ചേരിക്കടവ് പാലത്തുംകടവ് റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
ലോകബാങ്ക് സഹായത്തോടെയുള്ള റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തിയാണ് 22.246 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ് പുനർനിർമിക്കുന്നത്. പ്രകൃതിക്ഷോഭങ്ങളിൽ തകരാത്ത വിധമാണ് റോഡ് പുനർനിർമിക്കുക. ഇതിനായി ഭൂമിയുടെ പ്രത്യേകത മനസിലാക്കി ഫീഡ് ബാക്ക് ബെംഗർ ഓഫീസാണ് സർവെ നടത്തി നിർമാണ രൂപകല്പന നടത്തിയിരിക്കുന്നത്. വെമ്പുഴ പാലം ഉൾപ്പെടെ നിലവിലുള്ള പാലങ്ങൾ ആവശ്യമായ അറ്റകുറ്റ പണി നടത്തി നിലനിർത്തും. പ്രവർത്തനക്ഷമമായ കലുങ്കുകൾ നിലനിർത്തുകയും 100 ഓളം കലുങ്കുകൾ പണിയുകയും ചെയ്യും. ഓവുചാലും ടൗണുകളിൽ നടപ്പാതയും പണിയും. കെ.എസ്.ടി.പിക്കാണ് റോഡ് പണിയുടെ മേൽനോട്ട ചുമതല .
ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എൽ.എ ശിലാ ഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു.
ഉള്ള സ്ഥലത്ത് ഭംഗിയായി
പുതിയതായി സ്ഥലം ഏറ്റെടുക്കാതെയാണ് പുനർ നിർമാണം. അതിനാൽ നിലവിലുള്ള വീതിക്ക് ആനുപാതികമായ 7.5 മീറ്റർ മുതൽ 10 മീറ്റർ വരെ വീതിയിലുള്ള മെക്കാഡം ടാറിംഗാണ് നടത്തുക. പുനർനിർമാണ പദ്ധതിയിലേക്ക് ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 3 പ്രവൃത്തികളിൽ ഒന്നാണിത്. 2018 ലെ പ്രളയത്തിന്‌ശേഷം സണ്ണി ജോസഫ് എം.എൽ.എ സമർപ്പിച്ച ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. 135.08 കോടി രൂപയാണ് എസ്റ്റിമേറ്റ്.