maraya

കണ്ണൂർ: കഥാകൃത്ത് ടി.പത്മനാഭന് വയസ്സ് 92. നവതി പിന്നിട്ട ആ മനസ്സിലും കഥയിലും നവാനുരാഗത്തിന്റെ വളപ്പൊട്ടുകൾ ഒളിമങ്ങാതെയുണ്ട്. പ്രണയദിനത്തിന്റെ ഭാഗമായി പത്മനാഭന്റെ പ്രണയകഥകൾ എന്ന പേരിൽ കഥാസമാഹാരവും പുറത്തിറങ്ങി.

പ്രണയിച്ചിട്ടുണ്ട്, പ്രണയിക്കാത്തവരായി ആരുമില്ല. എന്റെ പ്രണയമാണ് ഗൗരിയായി പിറന്നത്. ഗൗരിയുമായുള്ള ബന്ധം ഇപ്പോഴുമുണ്ട്. സാഹിത്യത്തിലൂടെ ഒഴുകിവന്ന ബന്ധമാണ്.. അറുപതാം വയസ്സിലാണ് ഞാൻ ഗൗരി എഴുതുന്നത്.പ്രായത്തിനും കാലത്തിനും എന്നിലെ പ്രണയത്തെ തളർത്താൻ കഴിഞ്ഞില്ല- ടി.പത്മനാഭൻ പറയുന്നത്..

മരയ,കടയനെല്ലൂരിലെ സ്ത്രീ, ഗൗരി, ഒരിക്കൽ, ഒരു ഇടവേളയുടെ അറുതി,സ്നേഹം മാത്രം, കടൽ തുടങ്ങി പതിനൊന്നു പ്രണയ കഥകളാണ് സമാഹാരത്തിലുള്ളത്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത നെടുവീർപ്പ് മാത്രം അവശേഷിപ്പിക്കുന്ന പ്രണയം ചാലിച്ച കഥകളാണിവ. ഗൗരിയെ പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ട് എഴുതിയ കഥയെന്ന് വിശേഷിപ്പിച്ചത് നിരൂപകൻ കെ..പി.. അപ്പനായിരുന്നു.

ഗൗരിയെന്ന പ്രയണയിനിക്ക് പ്രണയം ഒരു അഭയകേന്ദ്രമാണ്. ഗൗരിയുടെ വായനയിൽ ആനന്ദത്തിന്റെയും അനുരാഗത്തിന്റെയും പ്രണയചുഴിയിൽ വായനക്കാരൻ അറിയാതെ വീഴും. അനാഥതത്വത്തിൽ നിന്നുള്ള മോചനമായി ഇവിടെ പ്രണയം മാറുന്നു. ഗൗരിയിലെയും കടലിലെയും പ്രണയത്തിനു ഒരു പാട് സമാനതകളുണ്ട്..രണ്ടിലും പ്രണയിനികളുടെ യൗവ്വനത്തിനു ശേഷമുള്ള പ്രണയമാണ് കഥയിൽ പത്മനാഭൻ ആവിഷ്കരിക്കുന്നത്. അതുകൊണ്ടാണ് ഗൗരിയുടെ തുടർച്ചയായി കടലും വായിക്കപ്പെടുന്നത്. കാമുകിയെ ഉപേക്ഷിച്ച് ഭീരുവിനെ പോലെ ഒളിച്ചോടിയ കാമുകനെയും വിവാഹശേഷം നഷ്ടപ്രണയത്തിൽ ജീവിതം ഹോമിച്ച പ്രണയിനിയും ഗൗരിയിലുണ്ട്.ആഴക്കടലിന്റെ വന്യമായ സൗന്ദര്യമാണ് കടലിലെ പ്രണയക്കരുത്ത്.

പിന്നീട് ഒഴിവു ദിവസങ്ങൾ തീർന്നപ്പോൾ രണ്ടു പേരും രണ്ടു വഴിക്ക് അവരുടേതായ ലോകങ്ങളിലേക്ക് പതിവുപോലെ മുഖം മൂടികളണിഞ്ഞുവെന്നാണ് ഗൗരിയിൽ പത്മനാഭൻ പറയുന്നത്.മരയ എന്ന കഥ എഴുതുമ്പോൾ പത്മനാഭന് വയസ്സ് 87.സമീപകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കഥയായിരുന്നു അത്. കഥ പറയുന്ന ആളും മരയയും ഏതാനും മണിക്കൂറുകൾ മാത്രമെ ഒന്നിച്ചു ചെലവഴിക്കുന്നുള്ളൂ. ഈ കഥ എഴുതാനുള്ള സാഹചര്യവും മരയയുടെ അവസാന ഭാഗത്ത് പത്മനാഭൻ പറയുന്നുണ്ട്. സംഭാഷണത്തിലും പെരുമാറ്റത്തിലും കുലീനതയുള്ള മരയ അയാളുടെ ഹൃദയത്തിൽ കൂടുകെട്ടുകയായിരുന്നു.ഇനിയും പ്രണയകഥകളുണ്ട് ഈ മനസ്സിൽ. അതിനൊന്നും പ്രായം ഒരു തടസമേ അല്ല.- പത്മനാഭൻ പറയുന്നു.