
വരുമാനം കുറഞ്ഞക്ഷേത്രങ്ങളിലെ ശമ്പളച്ചിലവ് സർക്കാർ നേരിട്ട് വഹിക്കുമെന്ന് പ്രഖ്യാപനം
കണ്ണൂർ : ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട് ഉപസമിതിയുടെ ശിപാർശ അടക്കം അംഗീകരിക്കപ്പെട്ടതോടെ ഒരു വ്യാഴവട്ടത്തിനു ശേഷം മലബാർ ബോർഡിനുകീഴിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കപ്പെട്ടു. . 1600 ഓളം ക്ഷേത്രങ്ങളിലെ പതിനായിരത്തോളം ജീവനക്കാർക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്.
മേൽശാന്തി, കീഴ‌്ശാന്തി, മാനേജർ, യുഡി ക്ലർക്ക‌്, എൽഡി ക്ലർക്ക‌്, വാദ്യം, കഴകം, അറ്റൻഡർ, കാവൽക്കാർ, അടിച്ചുതളി, ചില ക്ഷേത്രങ്ങളിലെ വെളിച്ചപ്പാട‌് എന്നിവർക്കാണ‌് പ്രയോജനം ലഭിക്കുക. 2008–-ൽ രൂപീകരിച്ച മലബാർ ദേവസ്വം ബോർഡ‌് അടുത്ത വർഷം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കിയിരുന്നു. സർക്കാർ ജീവനക്കാരുടെ ശമ്പള വ്യവസ്ഥയ്‌ക്കനുസരിച്ചാണ‌് ക്ഷേത്രജീവനക്കാർക്കും ശമ്പളം നിശ‌്ചയിച്ചത‌്.
ക്ഷേത്രങ്ങളുടെ ഗ്രേഡ‌് മാറ്റാനുള്ള ശുപാർശയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ താഴ‌്ന്ന ഗ്രേഡിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിൽ കാര്യമായ വർദ്ധനവ് വരും. നിലവിൽ വരുമാനത്തിനനുസരിച്ച‌് സ‌്പെഷ്യൽ, എ, ബി, സി, ഡി ഗ്രേഡുകളാണുള്ളത‌്. ഇതിൽ അവസാന രണ്ടുഗ്രേഡുകൾ ഒന്നാക്കാനുള്ള ശുപാർശയാണ‌് ഉപസമിതി നൽകിയത്.
സർക്കാർ ഗ്രാൻഡ് നൽകുന്ന അവസരത്തിൽ മാത്രമേ 2009ലെ പരിഷ്‌കരണപ്രകാരമുള്ള ശമ്പളം ഭൂരിഭാഗം ക്ഷേത്രജീവനക്കാർക്കും ലഭിക്കാറുള്ളൂ. സ‌്പെഷ്യൽ, എ ഗ്രേഡ‌് ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക‌് 2009ലെ പരിഷ്‌കരണ പ്രകാരമുള്ള ശമ്പളം ലഭിക്കുന്നുണ്ട്. എന്നാൽ, സർക്കാർ ഗ്രാൻഡ് നൽകുന്ന അവസരത്തിൽ മാത്രമേ ബി, സി, ഡി ഗ്രേഡ‌് ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് ശമ്പളം കിട്ടിയിരുന്നുള്ളു.ഈ ദുരിതത്തിനാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനത്തോടെ അറുതിയായത്.
തിരു-കൊച്ചിയിൽ ശമ്പള പരിഷ്കരണം രണ്ടുതവണ
തിരുവിതാംകൂർ,കൊച്ചി ദേവസ്വം ബോർഡുകളിൽ ഈ കാലയളവിൽ ക്ഷേത്രം ജീവനക്കാർക്ക് രണ്ടു തവണ ശമ്പള പരിഷ്‌കരണം നടത്തിയിട്ടും മലബാർ ദേവസ്വം ബോർഡ് ജീവനക്കാർക്ക് ഇതുവരെ ശമ്പള പരിഷ്‌കരണമുണ്ടായിട്ടില്ല.നിലവിൽ നിരവധി ജീവനക്കാരുടെ ശമ്പളം കുടിശ്ശികയുമാണ്. ജീവനക്കാരുടെ പ്രശ്‌നങ്ങൾ പഠിച്ച അഡ്വ.ഗോപാലകൃഷ്ണൻ ചെയർമാനായ മൂന്നംഗ കമ്മിഷന്റെ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുത്തിരുന്നില്ല. റിപ്പോർട്ടിൽ നടപടിയാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ടെമ്പിൾ എംപ്ലോയീസ് കോ-ഓർഡിനേഷൻ കമ്മറ്റി ഹൈക്കോടതിയിൽ നൽകിയ ഹരജിയിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഉത്തരവും നടപ്പാക്കിയിരുന്നില്ല.ഇതിനെതിരെ ജീവനക്കാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് ആശ്വാസം പകർന്ന് സർക്കാരിന്റെ പ്രഖ്യാപനം വന്നത്.
മലബാർ ദേവസ്വം ബോർഡ്
പാലക്കോട്,മലപ്പുറം, കോഴിക്കോട്,വയനാട്,കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലെ ക്ഷേത്ര ഭരണമേൽനോട്ടം വഹിക്കുന്നതിന് 2008 ഒക്ടോബർ ഒന്നിന് രൂപീകരിച്ചു.1600 ക്ഷേത്രങ്ങളാണ് ബോർഡിന് കീഴിലുള്ളത്.