radio
തലശേരി ശ്രീ ജ്ഞാനോദയ യോഗത്തിന്റെ കീഴിലുള്ള ധർമ്മടം കോറണേഷണൽ ബേസിക് യു.പി സ്കൂളിലെ കുട്ടികൾ യു ട്യൂബ് ഓൺലൈൻ റേഡിയോക്ക് വേണ്ടി അഭിമുഖം നടത്തുന്നു.

കണ്ണൂർ: പ്രിയപ്പെട്ട ശ്രോതാക്കളെ, ധർമ്മടം നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലം. സ്കൂളുകളുകളെല്ലാം ഹൈടെക് നിലവാരത്തിൽ. ആശുപത്രികൾ സൂപ്പർ സ്പെഷ്യാലിറ്റികളായി. റോഡുകൾ നാലുവരിയായി....... ഇനി എന്തൊക്കെ വേണം. ധർമ്മടത്തെ വികസനത്തെ കുറിച്ചാണ് ഇനി നമ്മളുടെ ചർച്ച-തലശേരി ശ്രീ ജഗന്നാഥക്ഷേത്ര ഭരണസമിതിയായ ജ്ഞാനോദയ യോഗത്തിന്റെ കീഴിലുള്ള കോറണേഷണൽ ബേസിക് യു.പി സ്കൂളിലെ കുട്ടികളുടെ യു ട്യൂബ് ഓൺലൈൻ റേഡിയോയിൽ നിന്നുള്ള അനൗൺസ്മെന്റ് ഇങ്ങനെ.

തദ്ദേശ തിരഞ്ഞെടുപ്പിൽ ധർമ്മടം പഞ്ചായത്തിലെ വികസനപ്രശ്നങ്ങൾ ചർച്ച ചെയ്ത റേഡിയോ ധർമ്മടം ഇനി മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് . മുഖ്യമന്ത്രിയെ കൂടി ഇതിൽ പങ്കാളിയാക്കണമെന്നാണ് കുട്ടികളുടെ ആഗ്രഹം.

തുടങ്ങിയത് നേരമ്പോക്കിന്

സാമൂഹ്യപ്രതിബദ്ധതയുള്ള പുതുതലമുറയെ സൃഷ്ടിക്കുക,​ നാടിന്റെ വികസനത്തിൽ ഭാഗമാവുക എന്നതാണ് റേഡിയോ ധർമ്മടത്തിന്റെ പ്രഖ്യാപിത സന്ദേശം. .സ്കൂളിന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും യൂട്യൂബ് ചാനൽ വഴിയുമാണ് പ്രക്ഷേപണം.ലോക് ഡൗൺ കാലത്ത് ഒരു നേരമ്പോക്കിനായി തുടങ്ങിയതാണ് .ഇപ്പോൾ ഹിറ്റായി.പ്രധാനാദ്ധ്യാപിക യു.ഡി. പ്രവീണയുടെ നേതൃത്വത്തിൽ നാട്ടുകാരുടെയും അദ്ധ്യാപകരുടെയും പിന്തുണയോടെയാണ് റേഡിയോ ആരംഭിച്ചത്.ഇതിനെ ധർമ്മടക്കാരുടെ പ്രിയ മാദ്ധ്യമമാക്കാനാണ് കുട്ടികളുടെ ശ്രമം.സഫ്ന ഫെമി, സി.കെ.സങ്കീർത്ത് , ഉമ്മലിൽ റാഫ്ഷിദ്, അനാമിക സി കെ, റിനോ ശ്രീജിത്ത്‌, പി.അമന്യ തുടങ്ങിയ വിദ്യാർത്ഥികളാണ് റേഡിയോയ്ക്ക് പിന്നിൽ.അഞ്ച് പേരാണ് ഈ റേഡിയോയിലെ ജോക്കികൾ .അവതാരകരും സാങ്കേതിക പ്രവർത്തകരുമെല്ലാം കുട്ടികൾ തന്നെ. പ്രത്യേക വാട്സാപ്പ് കൂട്ടായ്മ വഴി ശബ്ദം റിക്കാർഡ് ചെയ്ത് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

പ്രക്ഷേപണം

പാഠ്യ വിഷയങ്ങൾ

സാമൂഹവിശേഷങ്ങൾ

വിശേഷ ദിവസങ്ങൾ ആസ്പദമാക്കി

.

കൊവിഡ് വ്യാപന ഭീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ട സാഹചര്യം ഉണ്ടായപ്പോൾ നമുക്ക് ആശ്വാസമേകിയത് ഓൺലൈൻ ക്ലാസുകൾ ആയിരുന്നു .തുടക്ക കാലത്തെ താൽപ്പര്യം മാറി മടുപ്പും വിരസതയും കുട്ടികളെ തേടിയെത്തിയപ്പോൾ അതിനെ അതിജീവിക്കാനാണ് റേഡിയോ ധർമ്മടം പോലുള്ള വ്യത്യസ്തമാർന്ന പരിപാടികൾ തുടങ്ങിയത്-എം.പി. ഹാഗിൽ,അദ്ധ്യാപകൻ,ധർമ്മടം കോറണേഷൽ ബേസിക് യു പി സ്കൂൾ