
കാഞ്ഞങ്ങാട്:ഹോട്ടലിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന ചിക്കൻബിരിയാണി കഴിച്ചതിന് പിന്നാലെ ഛർദ്ദി അനുഭവപ്പെട്ട അഞ്ചുവയസുകാരൻ മരിച്ചു. അജാനൂർ കടപ്പുറത്തെ മഹേഷ്-വർഷ ദമ്പതികളുടെ മകൻ അദ്വൈതാണ് (5) മരിച്ചത്. കുട്ടിയുടെ അനുജൻ ഇശാൻ (ഒന്നര), മാതൃസഹോദരി ശ്രേയ (19)എന്നിവർ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാത്രി കാഞ്ഞങ്ങാട്ടെ ഒരു ഹോട്ടലിൽ നിന്നു വാങ്ങിയ ചിക്കൻബിരിയാണി കഴിച്ച് അൽപസമയത്തിനകം ഛർദ്ദി ഉണ്ടായി. പ്രാഥമിക ചികിത്സ നൽകി ഉറങ്ങാൻ കിടത്തിയെങ്കിലും ഇന്നലെ പുലർച്ചെ അദ്വൈതിന് ഛർദ്ദിയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.