പയ്യന്നൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ നയിക്കുന്ന എൽ.ഡി.എഫ് വടക്കൻ മേഖല ജാഥക്ക് പയ്യന്നൂരിൽ നൽകുന്ന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
"നവകേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ്" എന്ന മുദ്രാവാക്യം ഉയർത്തി നടക്കുന്ന വികസന മുന്നേറ്റ ജാഥയെ 14 ന് വൈകിട്ട് 4ന് ജില്ല അതിർത്തിയായ കാലിക്കടവിൽ വെച്ച് എൽ.ഡി.എഫ്. ജില്ല നേതാക്കൾ ചേർന്ന്സ്വീകരിക്കും. കണ്ടോത്ത് മുക്കിൽ എത്തിച്ചേരുന്ന ജാഥയെ നിരവധി ഇരുചക്രവാഹനങ്ങളുടെയും മറ്റും അകമ്പടിയോടെ സ്വീകരിച്ച് ഷേണായീസ് സ്ക്വയറിലേക്ക് ആനയിക്കും. പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാതൃകാപരമായ സ്വീകരണമാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
പൊതുയോഗവേദിയുടെ വിവിധ ഭാഗങ്ങളിൽ സാനിറ്റൈസറുകളും മറ്റും സുരക്ഷ മുൻകരുതലിനായി ഒരുക്കും. ഷേണായി സ്ക്വയറിൽ നടക്കുന്ന പൊതുയോഗത്തിൽ ജില്ല, സംസ്ഥാന നേതാക്കൾ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ ടി. ഐ. മധുസൂദനൻ, സി. സത്യപാലൻ, കെ.വി. ബാബു, വി .കുഞ്ഞികൃഷ്ണൻ, എം. രാമകൃഷ്ണൻ, പി.വി. ദാസൻ, പി. ജയൻ, ഇക്ബാൽ പോപ്പുലർ, കെ. ഹരിഹർ കുമാർ, പി.വി. പത്മനാഭൻ, പി.യു. രമേശൻ തുടങ്ങിയവർ പങ്കെടുത്തു.