dist-panchayath-
കാസർകോട് ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ അവതരിപ്പിക്കുന്നു.. പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സമീപം

97,03,24,637 രൂപ വരവ്  95,37,22,000 രൂപ ചിലവ്  1,66,02,637 രൂപ മിച്ചം

കാസർകോട് : കാർഷിക മേഖലക്ക് മുൻഗണന നൽകിയും നവീനമായ പദ്ധതികൾ വിഭാവനം ചെയ്തും കാസർകോട് ജില്ലാ പഞ്ചായത്തിന്റെ 2021-22 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ അവതരിപ്പിച്ചു.കാർഷിക ഉത്പന്നങ്ങൾ വാങ്ങുന്നതിനും വിപണനം ചെയ്യുന്നതിനും ന്യായ വില ഉറപ്പാക്കുന്നതിനും ഒരു കേന്ദ്രീകൃത സംവിധാനം നിലവിൽ വരുത്തുമെന്നതാണ് പ്രധാന പ്രഖ്യാപനം.

ജില്ലയുടെ വികസനസാദ്ധ്യതകൾ ഏകോപിപ്പിക്കുന്നതിന് വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമായി കാസർകോട് സെന്റർ ഫോർ ഡവലപ്പ്മെന്റ് സ്റ്റഡീസ് സ്ഥാപിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ആയിരം വനിതകളെ ബിരുദധാരികളാക്കുമെന്ന പ്രഖ്യാപനവും കൂട്ടത്തിലുണ്ട്. ജില്ലയിലെ ഗവേഷണ സ്ഥാപനങ്ങളെ പദ്ധതികളുമായി ബന്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. ഭിന്നലിംഗക്കാരുടെ ക്ഷേമത്തിന് വേണ്ടിയുള്ള പദ്ധതികളുമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

ലോക കാസർകോട് സഭ

കൊവിഡ് പ്രതിസന്ധി മറികടക്കാൻ ജില്ലയിലെ പ്രവാസികളുടെ ക്ഷേമവും കൂട്ടായ്മയും ഉറപ്പാക്കാനും നിക്ഷേപ സൗഹൃദ അന്തരീക്ഷമൊരുക്കാനുമായി ലോക കാസർകോട് സഭ രൂപീകരിക്കും. കർഷകരെ ചേർത്തു പിടിക്കാനും ജില്ലയിലെ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും പെരിയയിൽ ബൃഹദ് കാർഷിക മൊത്ത വ്യാപര വിപണന കേന്ദ്രം സ്ഥാപിക്കും. ജില്ലയിലെ സർക്കാർ ഭൂമികളുടെ സമഗ്ര വിവരശേഖരണത്തിനും വികസന സാധ്യതകൾ രേഖപ്പെടുത്തി വയ്ക്കുന്നതിനും 'റീ വെന്യു' എന്ന പേരിൽ പദ്ധതി ഒരുക്കും. യുവജനങ്ങൾക്കായി ജില്ലാ പഞ്ചായത്ത് യൂത്ത് ഇന്റേണൽഷിപ്പ് പ്രോഗ്രാം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ കായിക മേഖലയ്ക്കായി ടർഫുകൾ ആരംഭിക്കും, കില, ഐ.എം.ജി, ജില്ലാ ഭരണകൂടം എന്നിവുമായി ചേർന്ന് വിവരാവകാശ നിയമം, സേവനാവകാശ നിയമം എന്നിവയിൽ ജീവനക്കാർക്കും ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കുമായി ജില്ലയെ സേവന സൗഹൃദ ജില്ലയാക്കി മാറ്റും.

മറ്റ് പ്രധാനപ്രഖ്യാപനങ്ങൾ

തൊഴിലുറപ്പു പദ്ധതിയിലൂടെ നദികളുടെ സംരക്ഷണം

നെയ്യം കയ്യം ജൈവകേന്ദ്രത്തിന്റെ സംരക്ഷണം

 ജലക്ഷാമം പരിഹരിക്കുന്നതിനായി ദീർഘവീക്ഷണത്തോടെ ജല ബഡ്ജറ്റ്

 ട്രാൻസ്ജെൻഡേഴ്സിനായി ഷെൽട്ടറും സ്വയം തൊഴിൽ കേന്ദ്രവും

യുവാക്കൾക്കായി യൂത്ത് ക്ലീനിക്കുകൾ