gandi
ഇടയിൽപീടിക ഗാന്ധി സ്മാരക ഗ്രന്ഥാലയം

മാഹി: അറുപത് വർഷത്തോളമായി മാഹി ഇടയിൽപീടിക നാലുതറയിൽ മുടങ്ങാത്ത ഒരു പതിവുണ്ട്. വൈകുന്നേരമായാൽ ഗാന്ധി സ്മാരക വായനശാലയുടെ കോളാമ്പിമൈക്കിൽ കൂടി റേഡിയോയുടെ ശബ്ദമുയരും. പ്രാദേശികവാർത്തകളും സംഗീതപരിപാടികളും കൃഷിപാടവും കമ്പോളവിലനിലവാര ബുള്ളറ്രിനുമൊന്നും മുടക്കമില്ലാതെ വരും. വായനശാലയിലും കളിസ്ഥലത്തുമെത്തുന്നവർ മാത്രമല്ല, ബസാറിലെ കടയിൽ കൂടി എത്തുന്നവരും ഓട്ടോസ്റ്റാൻഡിലെ ഡ്രൈവർമാരും ബസ് കാത്തുനിൽക്കുന്നവരുമെല്ലാം വർഷങ്ങളായി ശ്രോതാക്കളാണ്.

കാർഷിക പരിപാടികൾ ഗ്രാമീണ ജനങ്ങൾക്ക് കേൾക്കാൻ മാഹി വികസന ബ്ലോക്ക് നൽകിയ ജി.ഇ.സി.റേഡിയോയുടെ വലിയ പാട്ടുപെട്ടി സ്ഥാപിക്കാൻ ഇടമില്ലാതെ വന്നപ്പോൾ 1957 ലാണ് ഇവിടെ വായനശാല സ്ഥാപിച്ചത്. ഫുട്ബാൾ കമ്പക്കാരായ ചെറുപ്പക്കാർക്ക് കമന്ററി കേൾക്കാനും ഗ്രാമീണർക്ക് തത്സമയ വാർത്തകൾ കേൾക്കാനും സംഗീതവും നാടകവുമെല്ലാം ആസ്വദിക്കാനുമുള്ള ഏക ആശ്രയമായിരുന്നു അന്ന് റേഡിയോ.ആറ് കിലോമീറ്റർ നടന്ന് മഞ്ഞോടി ഫ്രണ്ട്സ് ക്ലബ്ബിലെത്തിയായിരുന്നു അതുവരെ ഇവിടുത്തുകാർ റേഡിയോ കേട്ടിരുന്നത്.
മംഗലത്ത് രാമോട്ടി പ്രസിഡന്റും പി.വി.ഗോവി സെക്രട്ടറിയുമായുള്ള ജനകീയ കമ്മിറ്റിയാണ് ഗാന്ധി സ്മാരക വായനശാലക്ക് തുടക്കം കുറിച്ചത്.അന്ന് തൊട്ടിന്നു വരെ റേഡിയോ ഇവരുടെ ചോരയിൽ അലിഞ്ഞ വികാരമാണ്.
റേഡിയോ ഗ്രാമരംഗം പരിപാടി കേട്ട് കാർഷിക രംഗത്തെക്കുറിച്ച് ഒട്ടേറെ സംവാദങ്ങളും ക്ലാസ്സുകളും കാർഷിക സംവാദങ്ങളും, ക്ളാസ്സുകളുമൊക്കെ ഈ ഗ്രന്ഥാലയത്തിന് ഗ്രാമീണ പരിപാടികൾ സംഘടിപ്പിക്കുന്ന പുതുച്ചേരി സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള അവാർഡും നേടിക്കൊടുത്തിട്ടുണ്ട്. ഇവിടത്തെ റേഡിയോ ഓപ്പറേറ്റർക്ക് ആദ്യകാലത്ത് നൂറ് രൂപ വേതനം പോലും സർക്കാർ നൽകിയതാണ്. പിന്നീട് മുന്നൂറ് രൂപയായി വർദ്ധിച്ചു.
നിറയെ ആനുകാലികങ്ങളും, ആയിരക്കണക്കിന് പുസ്തകങ്ങളും ടി.വിയുമെല്ലാമുണ്ടായിട്ടും റേഡിയോവിന് ഇന്നും ഇവിടെ സ്ഥിരം ശ്രോതാക്കളുണ്ടെന്ന് വായനശാലയിലെ സ്ഥിരം റേഡിയോ ശ്രോതാവായ ടി.മുകുന്ദൻ പറയുന്നു.