motor-vehi
വാഹനങ്ങളുടെ ലൈറ്റുകൾ മോട്ടോർവാഹന ഉദ്യോഗസ്ഥർ നന്നാക്കി നൽകുന്നു

കാഞ്ഞങ്ങാട്: സമയം വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണി. പതിവില്ലാതെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വെള്ളരിക്കുണ്ട് ടൗണിൽ വാഹന പരിശോധന നടത്തുകയാണ്. ലൈസൻസോ സീറ്റ് ബെൽറ്റോ ഹെൽമറ്റോ ഒന്നുംഅല്ലായിരുന്നു ഇവരുടെ ലഷ്യം. മറിച്ച് റോഡിലൂടെ പായുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ്, ഇന്റികേറ്റർ, പാർക്ക് ലൈറ്റ് തുടങ്ങിയ വ പരിശോധിക്കുകയായിരുന്നു. വെള്ളരിക്കുണ്ട് ജോയിന്റ് ആർ.ടി.ഒ. യുടെ ചുമതല വഹിക്കുന്ന എം.വി.ഐ. എം. വിജയൻ. എ.എം.വി.മാരായ ചന്ദ്രകുമാർ, ദിനേശൻ എന്നിവർ റോഡിലിറങ്ങി വാഹനങ്ങൾ കൈകാണിച്ചു നിർത്തി.
അതി തീവ്ര പ്രകാശം പരത്തുന്ന ഹെഡ് ലൈറ്റുകളും, എക്‌സ്ട്രാ ലൈറ്റുകളും മറ്റു വാഹന ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും ഉണ്ടാക്കുന്ന പ്രയാസങ്ങൾ ബോധ്യപ്പെടുത്തുകയും ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ട സമയങ്ങൾ ഏതൊക്കെയാണെന്ന് ഡ്രൈവർമാരോട് കൃത്യമായി വിശദീകരിക്കുകയുംചെയ്ത ശേഷമാണ് ഡ്രൈവർമാരെ വിട്ടയച്ചത്. കൂടാതെ ഇൻഡിക്കേറ്റർ, ബ്രേക്ക് ലൈറ്റ്, പാർക്ക് ലൈറ്റ് എന്നിവ പ്രവർത്തിക്കാത്ത വാഹനങ്ങളുടെ ലൈറ്റുകൾ സൗജന്യമായി ശരിയാക്കി നൽകുകയും കൂടി ചെയ്തതോടെ വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും ഒരു പുത്തനനുഭവമായി. അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരള വെള്ളരിക്കുണ്ട് യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.