പയ്യന്നൂർ: കേരളാ ഫോക്‌ലോർ അക്കാഡമി 19,20, 21 തീയതികളിലായി പയ്യന്നൂരിൽ സംഘടിപ്പിക്കുന്ന ഫോക്‌ലോർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ റജിസ്ട്രേഷൻ ആരംഭിച്ചു. കൊവിഡ് മാനദണ്ഡംപാലിച്ചുകൊണ്ട്‌ നടത്തുന്ന മേളയിൽ മുൻകൂട്ടി റജിസ്ട്രർ ചെയ്യുന്ന 400 പേർക്ക് മാത്രമാണ് പ്രവേശനം. 200 റജിസ്ട്രേഷനുകൾ ഓൺലൈനായും 200 എണ്ണം നേരിട്ടുമാണ് നല്‍കുന്നത്. പേരുകൾ നേരിട്ട് റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ പാസ്പോർട്ട് സൈസ് ഫോട്ടോയുമായി, പയ്യന്നൂർ താലൂക്ക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ചലച്ചിത്രമേള സംഘാടക സമിതി ഓഫീസുമായി ബന്ധപ്പെടണം.

ഓൺലൈന്‍ റജിസ്ട്രേഷൻ 15 മുതൽ ആരംഭിക്കും. കേരളാ ഫോക്‌ലോർ അക്കാ‌ഡമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ( https://keralafolklore.org ) നല്‍കിയ ലിങ്കിലൂടെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. റജിസ്ട്രേഷൻ സൗജന്യമാണ്.

ചലച്ചിത്രോത്സവത്തിനായുള്ള ലോഗോ തിരഞ്ഞെടുത്തു. മുംബൈയിൽ ഡിസൈനറായി പ്രവർത്തിക്കുന്ന പയ്യന്നൂർ അന്നൂർ സ്വദേശി എം. അഭിലാഷ് രൂപകൽപ്പന ചെയ്ത ലോഗോ ആണ് ഇതിനായി നിയുക്തമായ മൂന്നംഗ ജൂറി തിരഞ്ഞെടുത്തത്. ഫോക് ലോറും സിനിമയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ലോഗോ.