ഇരിട്ടി :ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പവർ ഹൗസിന്റെയും ഇലക്‌ട്രോ മെക്കാനിക്കൽ വിഭാഗത്തിന്റെയും പ്രവൃത്തി വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു.
113 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ജല വൈദ്യുത പദ്ധതിയുടെ 46 കോടിയുടെ സിവിൽ പ്രവ്യത്തിയിൽ തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയായി. 48 കോടിയുടെ ഇലക്ട്രിക്കൽ മെക്കാനിക്കൽ പ്രവ്യത്തി ടെൻഡർ ചെയ്തു. പൂനെ ആസ്ഥാനമായ കിർലോസ്‌കർ ബ്രദേഴ്സ് കമ്പിനിയാണ് പ്രവ്യത്തി ഏറ്റെടുത്തിരിക്കുന്നത്.
ജല സേചന വകുപ്പിന്റെ അധീനതയിലുള്ള പഴശ്ശി പദ്ധതിയിൽ നിന്നും അധികമായി ഒഴുക്കി കളയുന്ന ജലം ഉപയോഗിച്ച് 7.5 മെഗാവാട്ട് പദ്ധതിയാണ് പഴശ്ശി സാഗർ. 60 മീറ്റർ നീളത്തിൽ ഏഴ് മീറ്റർ വ്യാസത്തിൽ പ്രധാന തുരങ്കവും പ്രധാന തുരങ്കത്തിൽ നിന്നും 60 മീറ്റർ നീളത്തിൽ മൂന്നര മീറ്റർ വ്യാസത്തിൽ മൂന്ന് തുരങ്കം നിർമ്മിച്ചാണ് ജനറേറ്റർ പ്രവർത്തിപ്പിക്കുക. മഴക്കാലത്ത് ശേഖരിച്ച് നിർത്തുന്ന വെള്ളം പ്രധാന തുരങ്കം വഴി മറ്റ് മൂന്ന് തുരങ്കത്തിലേക്ക് കടത്തി വിട്ട് 2.5 മെഗാവാട്ട് ശേഷിയുള്ള ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉൽപ്പാദനം. പദ്ധതിയിൽ നിന്നും പ്രതിവർഷം 25 .16 മില്ല്യൻ യൂണിറ്റ് വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. 2023 ജനുവരിയിൽ പദ്ധതി കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
കെ .എസ് .ഇ .ബി ഡയരക്ടർ ഡോ.വി. ശിവദാസൻ, ചീഫ് എൻജിനിയർ സിജി ജോസ്, കെ. എസ് .ഇ .ബി ഡയരക്ടർ ആർ. സുകു, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്ജ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, ജനപ്രതിനിധികളായ സി.വി .എൻ. യാസറ, കെ. ശോഭന ചീഫ് എഞ്ചിനീയർ കെ. രാജീവ് കുമാർ എന്നിവർ സംസാരിച്ചു.
പ്രകൃതിക്ക് ദോഷം ഉണ്ടാക്കാത്തതും ലാഭകരവുമായ പദ്ധതിയാണിത്. . പ്രസരണനഷ്ടം പരമാവധി കുറച്ച് 260 മെഗാവാട്ട് വൈദ്യുതിയെങ്കിലും ലഭിക്കാൻ ശ്രമിക്കും സംസ്ഥാനത്ത് കൂടുതൽ ജലവൈദ്യുത പദ്ധതികൾ ആരംഭിക്കും- ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി എം.എം.മണി
പ്രസരണനഷ്ടം കുറയ്ക്കുന്നതിന് പടിപടിയായി കേബിൾ സംവിധാനത്തിലേക്ക് നാട് മാറും. പഴശ്ശി പദ്ധതി പ്രദേശം സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായി ഇതോടൊപ്പം മാറും- അദ്ധ്യക്ഷത വഹിച്ച് മന്ത്രി ഇ.പി.ജയരാജൻ