ship
നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ വീണ്ടും പൊളിക്കാൻ എത്തിച്ച കപ്പൽ

കണ്ണൂർ: അഴീക്കലിൽ കപ്പൽപൊളിക്കുന്നതിനെതിരെ കപ്പൽപൊളി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിലേക്ക് മത്സ്യതൊഴിലാളികളും അണിനിരക്കുന്നു. കപ്പൽ പൊളിക്കുന്നതുമൂലമുള്ള പാർശ്വഫലങ്ങൾ നേരിട്ട് ബാധിക്കുന്നുവെന്നാരോപിച്ചാണ് തൊഴിലാളികളും പരസ്യമായി രംഗത്തിറങ്ങാൻ ഇടയാക്കിയത്.

മത്സ്യ പ്രവർത്തക സംഘത്തിന്റെ നേതൃത്വത്തിലാണ് തൊഴിലാളികൾ കപ്പൽ പൊളിക്കെതിരെ രംഗത്തുള്ളത്.അരയ സമാജവും കപ്പൽപൊളിക്കെതിരെ നിലപാട് എടുത്തിട്ടുണ്ടെന്നാണ് വിവരം. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ ഒരു കപ്പൽ ഇപ്പോൾ പൊളിക്കുന്നുണ്ട്. മറ്റൊന്നുകൂടി എത്തിച്ചതാണ് മത്സ്യതൊഴിലാളികളെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ കാലവർഷത്തിൽ വടംപൊട്ടി അഴീക്കൽ ലൈറ്റ് ഹൗസിനടുത്തേക്ക് ഒഴുകിയെത്തി മണൽ തിട്ടയിൽ കുടുങ്ങിയ കപ്പലാണ് പൊളിക്കുന്നത്. തുറമുഖം, കോസ്റ്റ്ഗാർഡ്, മലിനീകരണ വിഭാഗം, കസ്റ്റംസ് അഴീക്കൽ പഞ്ചായത്ത് എന്നിവയുടെ അനുമതിയുണ്ടെന്നാണ് സിൽക്കിന്റെ വിശദീകരണം. എന്നാൽ രാജ്യത്ത് എവിടെയെങ്കിലും കപ്പൽ പൊളിക്കണമെങ്കിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുഖേനയാണ് നടപടി തുടങ്ങേണ്ടത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡ് (സിൽക്) രാഷ്ട്രീയ നേതൃത്വങ്ങളെ സ്വാധീനിച്ചും വ്യാജ രേഖകൾ ചമച്ചുമാണ് കപ്പലുകൾ പൊളിക്കുന്നതെന്നാണ് നാട്ടുകാരും മത്സ്യതൊഴിലാളികളും പറയുന്നത്.

'രോഗനിരക്ക് ഭീതിപ്പെടുത്തുന്നു'

കപ്പൽപൊളിയിലൂടെ പുറത്തുവരുന്ന ഡയോക്സിൻ എന്ന മാരക വസ്തുവിന്റെ ദോഷഫലങ്ങൾ 25 വർഷങ്ങൾക്ക് ശേഷമാണ് ബാധിച്ചുതുടങ്ങുകയെന്ന് സമരാനുകൂലികൾ പറയുന്നത്. സിൽക്ക് പ്രവർത്തിക്കുന്ന രണ്ട് വാർഡുകളിലായി കാൻസർ രോഗനിരക്ക് വർദ്ധിച്ചുവെന്നും ഇവർ പറയുന്നു. ശ്വാസ തടസം, ചൊറിച്ചിൽ, കണ്ണു നീറൽ, ഉദര രോഗങ്ങൾ, ചുമ തുടങ്ങിയവ പിടിപെട്ട് ചികിത്സയിലുള്ളവരും നിരവധിയാണെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.

കപ്പൽപൊളി ഏറെ ബാധിക്കുന്നത് മത്സ്യ തൊഴിലാളികളെയാണ്. ഏട്ട, മാലാൻ, അയല പോലുള്ള സമൃദ്ധമായി ലഭിച്ചിരുന്ന മത്സ്യങ്ങൾ ഈ ഭാഗങ്ങളിൽനിന്ന് അപ്രത്യക്ഷമായിരിക്കയാണ്. പഴയങ്ങാടി മുതൽ ധർമ്മടം തുരുത്തുവരെയുള്ള പ്രദേശങ്ങളിൽ ഒരു മത്സ്യങ്ങളും നിലനിൽക്കുന്നില്ല. ധർമ്മടം മുതൽ തെക്കോട്ടും ഏഴിമലക്ക് വടക്കോട്ടും ധാരാളം മത്സ്യങ്ങൾ ലഭിക്കുന്നുണ്ട്. കപ്പൽ പൊളിക്കുമ്പോൾ കടലിലേക്കും പുഴയിലേക്കും തള്ളുന്ന ടൺ കണക്കിന് രാസപദാർത്ഥങ്ങളാണ് മത്സ്യസമ്പത്ത് നശിക്കുന്നതിന് കാരണമാകുന്നത്. ഈ നില തുർന്നാൽ വരും തലമുറയും പട്ടിണിയിലാകും. വരും ദിവസങ്ങളിൽ സമരം ശക്തമാക്കും-രജിത് (സെക്രട്ടറി, കണ്ണൂർ ജില്ലാ മത്സ്യപ്രവർത്തക സംഘം).

നേരത്തെ പാരിസ്ഥിതിക പ്രശ്നങ്ങളുടെ പേരിലായിന്നു സമരങ്ങൾ നടന്നിരുന്നത്. കപ്പൽപൊളിയുടെ ദുരന്തങ്ങൾ നാട്ടുകാരും മത്സ്യ തൊഴിലാളികളും അടുത്തകാലത്തായി അനുഭവിക്കാൻ തുടങ്ങി. അതുകൊണ്ടുതന്നെ മുഴുവൻ ആളുകളെയും അണിനിരത്തി തുടർ പ്രക്ഷോഭങ്ങൾ മുന്നോട്ടു കൊണ്ടുപോകും- കപ്പൽപൊളി വിരുദ്ധ സമതി ചെയർമാൻ എം.കെ.മനോഹരൻ