gvhss

കണ്ണൂർ:നൂറ്ററുപത് വർഷം പിന്നിട്ട കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ വനിതാ സ്‌പോർട്‌സ് സ്‌കൂളാക്കി മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം.ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ വഴിയാധാരമാക്കുന്ന തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന ആവശ്യമാണ് കോർപറേഷൻ ഭരണാധികാരികളടക്കമുള്ളവർ ഉന്നയിക്കുന്നത്.

നിലവിൽ പൊതു വിദ്യാലയത്തിൽ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 228 വിദ്യാർത്ഥികളും സ്‌പോർട്‌സ് ഡിവിഷനിൽ 227 വിദ്യാർത്ഥികളുമാണ് ഉള്ളത്. പൊതു വിദ്യാലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കുറവാണെന്ന് പറഞ്ഞായിരുന്നു ഗവ. വൊക്കേഷണൽ സ്‌കൂൾ വനിതാ സ്‌പോർട്‌സ് സ്‌കൂളാക്കുന്നതിന് തീരുമാനമെടുത്തത്.എന്നാൽ ഈ തീരുമാനം എടുക്കുന്നതിന് വിദ്യാലയത്തിന്റെ ചുമതലയുള്ള തങ്ങളുമായോ സ്ഥലം എം.പിയുമായോ യാതൊരു കൂടിയാലോചനയും സർക്കാർ നടത്തിയിട്ടില്ലെന്നാണ് എതിർപ്പുമായി മുന്നോട്ടുവന്നവരുടെ ആരോപണം.വനിതാ സ്‌പോർട്‌സ് സ്‌കൂളായി മാറ്റുമ്പോൾ നിലവിൽ ഈ വിദ്യാലയത്തിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠിക്കാൻ ബദൽ സംവിധാനം ഒന്നും ഒരുക്കിയിട്ടില്ല. സാധാണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കാൻ എത്തുന്നതെന്നും ഇവർ പറയുന്നു.

സ്‌പോർട്‌സ് സ്‌കൂൾ അല്ലാതിരുന്ന കാല ത്താണ് ഒളിമ്പ്യൻ ദേവദാസ്, ഒളിമ്പ്യൻ സി.കെ.ലക്ഷ്മണൻ എന്നിവർ മുനിസിപ്പൽ സ്‌കൂളിലൂടെ കണ്ണൂരിന്റെ അഭിമാനമായി മാറിയത്. ഇന്ത്യൻ ഫുട്‌ബോൾ ഗോളിയായിരുന്ന സി.മുസ്തഫയും ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ വി.പി.സത്യനും സന്തോഷ് ട്രോഫി ക്യാപ്റ്റൻ എം.എം.മണിയും സി.പി.ഹരിദാസും മുനിസിപ്പൽ സ്‌കൂളിന്റെ സംഭാവനയാണെന്നും സ്പോർട്സ് സ്കൂളഇനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

സംരക്ഷണ സമിതിയും

നടപടിക്കെതിരെ 15 ന് സംരക്ഷണ സമിതി രൂപീകരിക്കും.സ്‌പോർട്‌സിന് മെച്ചപ്പെട്ട സൗകര്യമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇത് മുനിസിപ്പൽ ഹൈസ്‌കൂളിൽ ഇന്ന് ലഭ്യമല്ല. പോലീസ് മൈതാനത്തേയും, കളക്ടറേറ്റ് മൈതാനത്തേയും ആശ്രയിച്ചാണ് ഇന്ന് പരിശീലനം. തുടർന്നും അതേ മാർഗ്ഗമുള്ളൂ.മുണ്ടയാട് ഏക്കർ സ്ഥലം വെറുതെ കടക്കുമ്പോൾ സ്പോർട്സ് സ്കൂൾ അവിടെ ആരംഭിക്കണം അല്ലെങ്കിൽ

മാങ്ങാട്ടുപറമ്പിൽ സ്‌പോർട്‌സ് സ്‌കൂൾ തുടങ്ങാനുള്ള പഴയ നിർദേശം പുനഃപരിശോധിച്ച് സ്‌പോർട്‌സ് സ്‌കൂൾ അങ്ങോട്ട് മാറ്റുകയും മുനിസിപ്പൽ ഹൈസ്‌കൂൾ ഒരു പൊതുവിദ്യാലയമാക്കി നിലനിർത്തണമെന്നുമാണ് സംരക്ഷണ സമിതിയുടെ ആവശ്യം.തുടർ പ്രവർത്തനങ്ങളും മറ്റും ആദ്യ യോഗത്തിൽ ചർച്ച ചെയ്യും.

സർക്കാർ നിലപാടിനെ ശക്തമായി എതിർക്കും.വിദ്യാലയത്തിന്റെ ചുമതലയുള്ള കോർപ്പറേഷനുമായോ സ്ഥലം എം. പിയുമായോ യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ല.പാവപ്പെട്ട നിരവധി കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.നിലവിൽ 60 ഒാളം പുതിയ അഡ്മിഷനും വന്നിട്ടുണ്ട്.

സുരേഷ് ബാബു എളയാവൂർ,കോർപ്പറേഷൻ കൗൺസിലർ