jose-k-mani-

കാസർകോട്: ജനപിന്തുണയും കാഴ്ചപ്പാടുമാണ് കേരള കോൺഗ്രസ് എമ്മിന്റെ അടിത്തറയെന്ന് ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. എൽ.ഡി.എഫ് വികസനമുന്നേറ്റ യാത്രയിൽ പങ്കെടുക്കാനെത്തിയ ജോസ് കാസർകോട് സിറ്റി ടവറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആരു മത്സരിച്ചാലും എൽ.ഡി.എഫിന് ഒരു ഭയവുമില്ല. നേരിട്ട് ഫൈറ്റ് ചെയ്യാനും മുന്നണി തയ്യാറാണ്.

ഒരു വ്യക്തി വരുന്നു പോകുന്നു എന്ന് കുറേ ദിവസങ്ങളായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ വ്യക്തത വരുമ്പോൾ ആവശ്യമെങ്കിൽ ഇടതുമുന്നണി നേതൃത്വം പ്രതികരിക്കും. ഇടതുമുന്നണിയിൽ യാതൊരുവിധ സീറ്റ് ചർച്ചയും നടന്നിട്ടില്ല. ആര് എവിടെ പോയാലും മത്സരിച്ചാലും ഇന്നത്തെ നിലയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു ക്ഷീണവുമുണ്ടാകില്ല.

കാപ്പന്റെ നടപടി വഞ്ചനയാണെന്ന് സി.പി.ഐയും മന്ത്രി എ.കെ. ശശീന്ദ്രനും പറഞ്ഞല്ലോ എന്ന ചോദ്യത്തിന് അതിൽ തന്നെ ഉത്തരം ഉണ്ടല്ലോ എന്നായിരുന്നു മറുപടി. തദ്ദേശ തിരഞ്ഞെടുപ്പിൽ മദ്ധ്യതിരുവിതാംകൂറിൽ മാത്രമല്ല കാസർകോട്, കണ്ണൂർ ജില്ലകളിലുൾപ്പെടെ വലിയ മുന്നേറ്റമാണ് കേരള കോൺഗ്രസും എൽ.ഡി.എഫും ഉണ്ടാക്കിയത്. ഇക്കാര്യം കേരളത്തിലെ ജനങ്ങൾക്ക് നന്നായി അറിയാമെന്നും ജോസ് പറഞ്ഞു.