പയ്യന്നൂർ: എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശമെന്ന് പ്രഖ്യാപിച്ച ഗാന്ധിജിയുടെ ദർശനങ്ങൾ പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ അന്നൂരിൽ സ്ഥാപിച്ച ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. അന്നൂർ ഗ്രാമ ക്ഷേമസമിതി അങ്കണത്തിൽ, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്ര പഠനകേന്ദ്രം ട്രസ്റ്റാണ് മൂന്നടി ഉയരമുള്ള ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചത്. ട്രസ്റ്റ് ചെയർമാനും മുൻ എം.എൽ.എയുമായ കെ.പി.കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ മേയർ അഡ്വ. ടി.ഒ. മോഹനൻ പ്രതിമ അനാച്ഛാദനം ചെയ്തു.

സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ടൻ മുഖ്യാതിഥിയായിരുന്നു. ഗാന്ധിദർശൻ സംസ്ഥാന സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ കെ.കെ. ഫൽഗുനൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ എ. രൂപേഷ്, കെ.കെ. അശോക് കുമാർ, അഡ്വ. ഡി.കെ. ഗോപിനാഥ്, വി.എം. ദാമോദരൻ, കെ.എം. രമേശൻ എന്നിവർ സംസാരിച്ചു. ഉപഗ്രഹ വിദൂര സംവേദന രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖ ശാസ്ത്രജ്ഞൻ കെ.വി. രവീന്ദ്രനെയും പ്രതിമ നിർമ്മിച്ച ശില്പി ചിത്രൻ കുഞ്ഞിമംഗലത്തെയും ആദരിച്ചു.