കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് കാമ്പസിൽ വിദ്യാർത്ഥികളുമായി സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളം യുവകേരളം പരിപാടിയുടെ ഭാഗമായാണ് മുഖ്യമന്ത്രി കണ്ണൂർ യൂണിവേഴ്സിറ്റി കാമ്പസിലെത്തിയത്.
ഗവേഷക കുതുകികളായ ഒരു സമൂഹം കേരളത്തിൽ രൂപപ്പെടേണ്ടതായിട്ടുണ്ട്. അത് നമ്മുടെ സമ്പദ് ഘടനക്ക് തന്നെ പുതിയ മാനങ്ങൾ നൽകും.നാടിന്റെ വികസന കുതിപ്പിന് ഇത് വലിയ താങ്ങായി മാറുകയും ചെയ്യും. സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് വിദ്യാർത്ഥികൾ ഗവേഷണരംഗത്ത് നിന്നും വിട്ടുനിൽക്കുകയാണ്. പണത്തിന്റെ അഭാവം കാരണം അവർ ഇത്തരം താത്പര്യങ്ങളിൽ നിന്നും പിന്നോട്ട് പോകരുതെന്ന ലക്ഷ്യവുമായി സാങ്കേതിക ശാസ്ത്ര മേഖലയിലെ പി.എച്ച്.ഡി പൂർത്തിയായ ഗവേഷക വിദ്യാർത്ഥികൾക്ക് പ്രതിമാസം ഒരു ലക്ഷം രൂപവരെയുള്ള പോസ്റ്റ് ഡോക്ടറെൽ ഫെലേഷിപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ നല്ല പഠനമികവ് പുലർത്തുന്ന ആയിരം ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്ക് പ്രതിവർഷം ഒരു ലക്ഷം രൂപ ഒറ്റതവണ സഹായംസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ലോകത്ത് വിപ്ളവകരമായ മാറ്റമുണ്ടാക്കിയ ഇന്റർനെറ്റ് രംഗം ഇന്നും വലിയജനവിഭാഗത്തിന് അപ്രാപ്യമാണ്. ഇത് പരിഹരിക്കാനാണ് കെ. ഫോൺ പോലുള്ള പദ്ധതിക്ക് രൂപം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
.ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ .കെ .ടി. ജലീൽ ആമുഖ പ്രസംഗം നടത്തി. ജി .എസ് പ്രദീപിന്റെ ഇൻസ്‌പെയർ കേരളയോടെ പരിപാടിക്ക് തുടക്കമായി. മാദ്ധ്യമപ്രവർത്തകൻ എം .വി .നികേഷ് കുമാർ ചർച്ച നയിച്ചു.വൈസ് ചാൻസലർ പ്രൊഫ ഗോപിനാഥ് രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ഡോ .ശശീന്ദ്രനാഥ്, പ്രൊ. വൈസ് ചാൻസലർ പ്രൊഫ. എ.സാബു, സർവ്വകലാശാല യൂണിയൻ നേതാക്കളായ കെ .വി .ശില്പ, എം. കെ .ഹസ്സൻ എന്നിവർ സംബന്ധിച്ചു.
' പ്രകടനപത്രിക വെറും വാഗ്ദാനമല്ല'
2016ലെ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച പ്രകടന പത്രികയിലെ 600 ഇന പ്രഖ്യാപനങ്ങളിൽ 570 ഇനം നാല് വർഷത്തിനകം പൂർത്തിയാക്കി. ബാക്കി 30 ഇനങ്ങളും അന്തിമഘട്ടത്തിലാണ്. പ്രകടനപത്രിക വെറും തിരഞ്ഞെടുപ്പ് ആയുധമല്ല അത് സർക്കാർ നടപ്പാക്കേണ്ട ഒന്നാണെന്ന ബോധ്യമുണ്ടാക്കാൻ സാധിച്ചു. വരും തിരഞ്ഞെടുപ്പിൽ ഭാവി കേരളം എങ്ങനെയായിരിക്കണമെന്ന ലക്ഷ്യത്തോടെ വീണ്ടും പത്രിക തയ്യാറാകേണ്ടതായിട്ടുണ്ട്. അതിന് വേണ്ടിയാണ് ഇത്തരം സംവാദങ്ങൾ സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.