കാഞ്ഞങ്ങാട്: മടിക്കൈ മലപ്പച്ചേരി മലബാർ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികൾക്ക് ജീവൻ രക്ഷാ ഔഷധങ്ങൾ കിട്ടുന്നില്ല. നീലേശ്വരം താലൂക്ക് ആശുപത്രിയിൽ നിന്നാണ് ഇവർക്ക് ചികിത്സ ലഭിക്കുന്നത്. ഇവിടെയാകട്ടെ ആവശ്യമുള്ള മരുന്നിന്റെ 10 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ബാക്കി മരുന്ന് പുറത്തുനിന്നും വില കൊടുത്ത് വാങ്ങിക്കണം. അന്തേവാസികളോട് അനുകമ്പയുള്ള ചിലരുടെ സഹായത്താലാണ് പുറമെ നിന്നാണെങ്കിലും മരുന്ന് വാങ്ങുന്നത്.
കേന്ദ്രത്തിലുള്ള 135 അന്തേവാസികളിൽ മുഴുവനായും നിത്യരോഗികളാണ്. അതിൽ 65 പേരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലുള്ളവരാണ്. ഇവർക്ക് ആവശ്യമായ മരുന്നുകളും പുറമെ നിന്നും കാശ് കൊടുത്താണ് വാങ്ങേണ്ടത്. ആകെ സർക്കാറിൽ നിന്നും ലഭിക്കുന്നത് ഷുഗറിനും പ്രഷറിനും മാത്രമുള്ള മരു ന്നുകളാണെന്നാണ് പറയുന്നത്. ഇതാകട്ടെ ആവശ്യമുള്ള മരുന്നിന്റെ പത്ത് ശതമാനം പോലും വരുന്നുമില്ല.
മരുന്നിനായി ഒരു മാസം മുപ്പതിനായിരത്തിൽ കൂടുതൽ രൂപ വേണം. കേന്ദ്രം നടത്തിക്കൊണ്ട് പോകുന്ന കെ.കെ ചാക്കോ എന്ന ചാക്കോച്ചൻ വികലാംഗനാണ്. അന്തേവാസികൾക്ക് അവശ്യമായ മുഴുവൻ മരുന്നും ആശുപത്രിയിൽ ലഭ്യമാക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ കിർമാനി പറയുന്നു. തന്റെ കഴിവിന്റെ പരമാവധി നാളുകളായി മുടങ്ങാതെ ഇവർക്കുള്ള മരുന്നുകൾ പലരുടെയും സഹായത്താൽ എത്തിച്ച് നൽകുന്നുണ്ട്. എന്നാൽ ഇത് തുടരുക പ്രയാസമാണെന്ന് കിർമാനി പറഞ്ഞു.