പയ്യന്നൂർ: കോളേജ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളേജ് ഭരണസമിതി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ഗാന്ധി പ്രതിമയുടെ അനാച്ഛാദനവും നാളെ രാവിലെ 10.30 ന് ഭരണ സമിതി പ്രസിഡന്റ് കെ.രാമചന്ദ്രൻ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനറൽ സെക്രട്ടറി ജോൺ ജോസഫ് തയ്യിൽ അദ്ധ്യക്ഷത വഹിക്കും. ഗാന്ധി പ്രതിമ നിർമ്മിച്ച ശിൽപി കെ.കെ.ആർ. വെങ്ങരയെ ആദരിക്കും.
കോളേജ് ഓഫീസ്, പ്രിൻസിപ്പാളിന്റെ മുറി, കംപ്യൂട്ടർ ലാബ്, സെമിനാർ ഹാൾ, കോൺഫറൻസ് റൂം, ഐക്യൂ എ.സി. റൂം, മാനേജ്മെൻറ് റൂം, ഡിപ്പാർട്ട്മെന്റ് ഓഫീസുകൾ, ക്ലാസ്സ് മുറികൾ തുടങ്ങിയവയ്ക്ക് സൗകര്യമുണ്ട്.
2007 ൽ നാക് അംഗീകാരവും 2018ൽ പുനർ അംഗീകാരവും ലഭിച്ച കോളേജിൽ 14 ബിരുദ പ്രോഗ്രാമുകൾ, 4 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ, 3 ഗവേഷണ പ്രോഗ്രാമുകൾ എന്നിവയിലായി 1850 ലേറെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം നേടി വരപന്നുണ്ടെന്ന് ഭരണസമിതി ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കെ. രാമചന്ദ്രൻ,ജോൺ ജോസഫ് തയ്യിൽ, കെ.കെ. സുരേഷ് കുമാർ, പ്രൊഫ: കെ.രാജഗോപാൽ, ഡോ: പ്രേമചന്ദ്രൻ കീഴോത്ത്, കെ.ടി. സഹദുള്ള തുടങ്ങിയവർ സംബന്ധിച്ചു.