
കാസർകോട് : ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊവിഡ് വാക്സിനേഷൻ കഴിഞ്ഞാൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന പ്രഖ്യാപനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയതായി കേട്ടു. അത്തരമൊരു ദുരവസ്ഥക്ക് കേരളം കൂട്ടുനിൽക്കില്ല. സാമൂഹ്യ രംഗമാകെ വർഗ്ഗീയമായി വികാരം കൊള്ളിച്ച് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കം അനുവദിക്കില്ല. കേന്ദ്രം പ്രഖ്യാപിച്ചാൽ നടപ്പിലാക്കാതെ മാറി നിൽക്കാൻ കഴിയുമോയെന്ന് ചിലർ ചോദിക്കുന്നുണ്ട്. നടപ്പിലാക്കില്ലെന്ന് തീരുമാനിച്ചാൽ നടപ്പിലാക്കില്ലെന്നു തന്നെയാണ് അർത്ഥം.
ആർ.എസ്.എസും ജമാഅത്തെ ഇസ്ലാമിയും എസ് .ഡി .പി .ഐയും വർഗീയത നടപ്പിലാക്കുന്നവരാണ്. വർഗീയതയെ എതിർക്കുന്നതിനാൽ ഇവരെല്ലാം എൽ. ഡി. എഫിനെതിരാണ്. ആർ. എസ്. എസ് ക്ഷേത്രം പണിയാൻ കോൺഗ്രസ് എം. എൽ .എ പണം നൽകുന്നതും നാം കണ്ടല്ലോ. രാജ്യത്തിനു തന്നെ മാതൃകയായ കേരളം വർഗീയതക്കെതിരായ പോരാട്ടത്തിലും മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നതിലും ആ മാതൃക പിന്തുടരും.
ജോസ് കെ. മാണിയും എൽ .ജെ .ഡിയും വന്നതോടെ എൽ .ഡി .എഫ് അടിത്തറ വിപുലമാണ്.
തങ്ങളുടെ അടിവേര് ഇളകുന്നുവെന്ന് തോന്നിയപ്പോഴാണ് പ്രതിപക്ഷം ഞങ്ങളെ തളച്ചിടാൻ വേലത്തരം കാണിക്കുന്നത്. അട്ടിമറി ദൗത്യവുമായി ചില കേന്ദ്ര ഏജൻസികളും രംഗത്ത് വന്ന് അപകീർത്തിപ്പെടുത്താൻ സാധിക്കുമോയെന്ന് നോക്കി. സർക്കാരിനെ താഴെയിറക്കാൻ ശപഥം ചെയ്ത ചില മാദ്ധ്യമ ശക്തികളും കൂടെച്ചേർന്നെങ്കിലും കുപ്രചാരണങ്ങളുടെ മലവെള്ള പാച്ചിലിൽ എൽ .ഡി. എഫിന് ഒന്നും സംഭവിച്ചില്ല. ജനങ്ങൾ കരുത്തുറ്റ കോട്ട കെട്ടി സർക്കാരിനെ കാത്തു. ആ ജനകീയ കോട്ടയുടെ സംരക്ഷണമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ടത്. എല്ലാം തൂത്തുവാരാൻ മനക്കോട്ട കെട്ടിയവൻ ഒഴുകിപ്പോകുന്ന കാഴ്ചയാണ് കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് ഉപ്പളയിൽ ആവേശത്തുടക്കം
കാസർകോട് : 'നവകേരള സൃഷ്ടിക്ക് വീണ്ടും" എന്ന മുദ്രാവാക്യമുയർത്തി ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ ഉപ്പളയിൽ ആവേശോജ്ജ്വല തുടക്കം. ഇന്നലെ വൈകിട്ട് നടന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്തു.
സംഘാടകസമിതി ചെയർമാൻ ബി.വി. രാജൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ.പി. ജയരാജൻ, കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി, സി.കെ. നാണു എം.എൽ.എ, കാസിം ഇരിക്കൂർ, പി. കരുണാകരൻ, അഡ്വ. പി. സതീദേവി, കെ.പി. മോഹനൻ, കെ.പി. രാജേന്ദ്രൻ, കെ. ലോഹ്യ, ജോസ് ചെമ്പേരി, പി.കെ. രാജൻ, ബാബു ഗോപിനാഥ്, പി.ടി. ജോസ്, എ. വിജയരാഘവൻ എന്നിവർ പ്രസംഗിച്ചു.
വൈക്കം വിജയലക്ഷ്മി ആലപിച്ച സഖാവ് എ.കെ.ജി എന്ന പേരിൽ തയ്യാറാക്കിയ ജാഥയുടെ വിപ്ലവഗാന സി.ഡി മുഖ്യമന്ത്രി എ. വിജയരാഘവന് നൽകി പ്രകാശനം ചെയ്തു.