മാഹി: ലഫ്.ഗവർണ്ണറുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച്, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവരുടെ വസതിക്കു മുന്നിൽ സമരം നടത്താൻ തീരുമാനിച്ചതിനെ തുടർന്ന് കഴിഞ്ഞമാസം ഗവർണ്ണറുടെ വസതിക്കുസമീപത്തെ അടച്ചിട്ട റോഡുകൾ മുഴുവൻ തുറന്ന് സഞ്ചാരയോഗ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്.
പുതുച്ചേരി മന്ത്രിസഭ തീരുമാനപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ മറ്റെല്ലാ പ്രദേശങ്ങളിലെയും ബാരിക്കേഡുകൾ മാറ്റിയിരുന്നു. എന്നാൽ സമരങ്ങളെ ഭയന്ന് അർദ്ധസൈനിക സേനയെ ഉപയോഗിച്ച് ലഫ്. ഗവർണർ കിരൺ ബേദി തന്റെ വിടിന്റെയും ഓഫീസിന്റെയും പരിസരത്തെ മുഴുവൻ റോഡുകളും ബാരിക്കേഡ് കെട്ടി അടച്ചിരുന്നു'. ഈ റോഡുകൾ തുറന്നുകൊടുക്കാത്തതിനാൽ അസംബ്ലി, അരവിന്ദോ ആശ്രമം, മണക്കുള്ള വിനായക ക്ഷേത്രം, ലൈബ്രറി, ബീച്ച്, സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള നിരവധി സർക്കാർ സ്ഥാപനങ്ങളിലേക്ക് ജനങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കുമായിരുന്നില്ല. ജനങ്ങളുടെ പരാതി ഉയർന്നതിനെ തുടർന്ന് മുഖ്യമന്ത്രിയും, സ്പീക്കറും നേരിട്ട് ഉന്നത ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിക്കുകയും, ലഫ്.ഗവർണറുടെ വസതിയിലേക്കുള്ളത് ഒഴികെ സമീപത്തുള്ള മുഴുവൻ റോഡുകളിലെയും ബാരിക്കേഡുകൾ മാറ്റി, ജനങ്ങൾക്ക് വാഹനത്തിൽ യാത്ര ചെയ്യുവാനുള്ള സാഹചര്യം ഒരുക്കി കൊടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. പുതുച്ചേരി കളക്ടർ, എ.ഡി.ജി.പി, എസ്.എസ്.പി ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ചു.

ചിത്രവിവരണം:മുഖ്യമന്ത്രി വി. നാരായണസ്വാമി പൊലീസ് ഉദ്യോഗസ്ഥർക്ക് ബാരിക്കേഡുകൾ നീക്കാൻ നേരിട്ട് നിർദ്ദേശം നൽകുന്നു.