മട്ടന്നൂർ: അന്താരാഷ്ട്ര കൺവെൻഷൻ ആൻഡ‌് എക‌്സ‌ിബിഷൻ സെന്ററിന്റെ നിർമാണം 20ന‌് തുടങ്ങും. 137 കോടി രൂപ ചെലവിൽ വെള്ളിയാംപറമ്പിൽ കിൻഫ്ര വ്യവസായ പാർക്കിനോട‌ു ചേർന്നാണ‌് സംസ്ഥാനത്ത‌് പൊതുമേഖലയിലെ ഏറ്റവും വലുതും ആധുനികവുമായ കൺവെൻഷൻ സെന്റർ ‘കെ മാർട്ട‌്’ നിർമിക്കുന്നത‌്. കിൻഫ്രയാണ‌് കെ മാർട്ടിന‌് സ്ഥലം നൽകുന്നത‌്. ആഗോളതലത്തിലുള്ള സമ്മേളനങ്ങളും പ്രദർശന വിപണനമേളകളും നടത്താനുതകുന്ന രീതിയിലാണ‌് കെ. മാർട്ടിന്റെ രൂപകൽപ്പന. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന‌് തൊട്ടടുത്താണ‌് സ്ഥലം. 20ന‌് വൈകിട്ട‌് നാലിന‌് മട്ടന്നൂർ ടൗൺസ‌്ക്വയറിൽ നടക്കുന്ന ചടങ്ങിൽ വ്യവസായമന്ത്രി ഇ.പി ജയരാജൻ പ്രവൃത്തി ഉദ‌്ഘാടനം ചെയ്യും.