
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കള്ള വോട്ട് ചെയ്യുന്നതിന് പരസ്യമായി ആഹ്വാനം ചെയ്തുവെന്ന പരാതിയിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരനെതിരെ ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ഉദുമ എം.എൽ.എ കെ കുഞ്ഞിരാമന്റെ പരാതിയിലാണ് ബേക്കൽ പൊലീസ് 2016 ൽ കേസെടുത്തിരുന്നത്.
കേസിൽ കെ. സുധാകരൻ ഹോസ്ദുർഗ് കോടതിയിൽ നേരിട്ടെത്തി ജാമ്യം എടുത്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന സുധാകരൻ മണ്ഡലത്തിലെ ഒരു വീട്ടിൽ നടന്ന കുടുംബയോഗത്തിൽ നടത്തിയ പ്രസംഗമാണ് കേസിനാധാരം. സി.പി.എമ്മുകാർ എല്ലായിടത്തുംം കള്ളവോട്ട് ചെയ്യുന്നതുപോലെ ഉദുമ പിടിക്കാൻ യു.ഡി.എഫ് പ്രവർത്തകരും ആ മാർഗ്ഗം സ്വീകരിക്കണമെന്നും സുധാകരൻ പ്രസംഗിച്ചതെന്നാണ് ആരോപണം. കുടുംബ യോഗത്തിലെ പ്രസംഗം വീഡിയോ ദൃശ്യങ്ങളായി പുറത്തുവന്നതോടെയാണ് സംഭവം ഒച്ചപ്പാടായത്. പരാതിയിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ, മുതിർന്ന അഭിഭാഷകൻ സി. ശ്രീകുമാർ മുഖേന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസ് സുനിൽ പി. തോമസ് സുധാകരനെതിരായ കേസ് റദ്ദാക്കി കഴിഞ്ഞദിവസം ഉത്തരവിറക്കി. ഹൊസ്ദുർഗ് കോടതിയിൽ കെ സുധാകരന് വേണ്ടി അഡ്വക്കേറ്റ് വിനോദ് കുമാർ ചീമേനിയാണ് ഹാജരായത് . കേസ് നിലനിൽക്കുന്നതല്ലെന്ന് നിരീക്ഷണത്തോടെയാണ് ഹൈക്കോടതി റദ്ദാക്കിയത്.