manikfan
അലി മണിക് ഫാൻ

മാഹി: ലക്ഷദ്വീപിലെ മിനിക്കോയ് ദീപുകാരൻ അലി മണിക് ഫാനിന്, ഉപഭൂഖണ്ഡത്തിലെ മറ്റൊരു കേന്ദ്ര ഭരണ പ്രദേശമായ കൊച്ചു മയ്യഴി എന്നും വിസ്മയത്തുരുത്തായിരുന്നു. ലക്ഷദ്വീപുമായി ഏറ്റവും കുറഞ്ഞ കടൽ ദൂരമുള്ള മയ്യഴിയുമായുള്ള വാണിജ്യ -സാംസ്കാരിക സമന്വയമടക്കം ആഗ്രഹിക്കുന്ന വലിയ മനസിനുടമയാണ് അദ്ദേഹം.
രാജ്യം കഴിഞ്ഞദിവസം പത്മശ്രീ അവാർഡ് നൽകി ആദരിച്ച ഈ അത്ഭുത മനുഷ്യൻ മയ്യഴിയുടെ സ്‌നേഹാദരം ഏറ്റുവാങ്ങാൻ 25 ന് മാഹിയിലെത്തും.
അക്കാഡമിക് പാണ്ഡിത്യമില്ലെങ്കിലും, 15 ലോക ഭാഷകൾ അനായാസേന കൈകാര്യം ചെയ്യാൻ ഈ മനുഷ്യന് കഴിയും. ആഴക്കടലിൽ ആണ്ടിറങ്ങി പര്യവേഷണം നടത്തുകയും മണ്ണിലും വിണ്ണിലും ഗവേഷണ വിജയം നേടുകയും ചെയ്ത, സഞ്ചരിക്കുന്ന സർവവിജ്ഞാനകോശമാണ് ഈ മനുഷ്യനെന്ന് പറയാം. സമുദ്രാന്തർഭാഗത്തെ നാനൂറോളം മത്സ്യങ്ങളെ തിരിച്ചറിയുന്ന ഈ മനുഷ്യൻ, പുതുതായി ഒരു മത്സ്യത്തെ ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ പേരിലാണ് ആ മത്സ്യം ഇന്ന് അറിയപ്പെടുന്നത്. സ്വയം നിർമ്മിച്ച കാറ്റാടി യന്ത്രങ്ങളുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചു. പർണ്ണശാല കണക്കെ സ്വയം നിർമ്മിച്ച വീട്ടിൽ, സ്വന്തമായി റഫ്രിജറേറ്ററും ഉണ്ടാക്കി. സ്വന്തമായുണ്ടാക്കിയ പ്രത്യേക രീതിയിലുള്ള ബൈക്കിൽ, മകനോടൊപ്പം ഡൽഹി വരെ സാഹസികമായി യാത്ര ചെയ്തു. ഒമാനിൽ പോയി പരമ്പരാഗതമായ രീതിയിൽ കപ്പൽ നിർമ്മിച്ചു. ഇതിന് അന്തർദ്ദേശീയ അംഗീകാരവും ലഭിച്ചു.
നിലവിലുള്ള പാഠ്യപദ്ധതിയോട് മുഖം തിരിക്കുകയാണ് മാണിക് ഫാൻ. 'എന്നെ പോലെ എന്റെ മക്കളും സാമ്പ്രദായിക വിദ്യാലയങ്ങളിൽ പഠിച്ചിട്ടില്ല. അവരാരും ജീവിതത്തിൽ തോറ്റു പോയിട്ടില്ല, മകൻ നേവിയിലാണ്. പെൺമക്കളെല്ലാം അദ്ധ്യാപികമാരും. സ്വയം പഠിക്കാനുള്ള മനുഷ്യന്റെ നൈസർഗ്ഗിക വാസനയ്ക്ക് വളരാൻ അവസരം നൽകിയാൽ മാത്രം മതി' മണിക് ഫാൻ പറഞ്ഞു. കോഴിക്കോട് ഒളവണ്ണയിലെ ഭാര്യാ ഗൃഹത്തിലെത്തിയപ്പോഴാണ് അദ്ദേഹം മനസുതുറന്നത്.

82ാം വയസിലും

അറിവുതേടിയുള്ള ആഗോളയാത്രയിലാണ് 82ാം വയസിലും അലി മണിക് ഫാൻ. ഗോള ശാസ്ത്രജ്ഞൻ, ബഹുഭാഷാപണ്ഡിതൻ, കൃഷി ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, കപ്പൽ നിർമ്മാതാവ് തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റി. അനന്തമായ കടൽയാത്രകളെ സമുദ്ര പഠനത്തിനൊപ്പം വാനനിരീക്ഷണത്തിനും ചെറുപ്പം മുതലേ ഉപയോഗപ്പെടുത്തുകയായിരുന്നു.

സ്വന്തമായി ചിന്തിക്കാനും പഠിക്കാനുമുള്ള മനുഷ്യന്റെ കഴിവിനെ ഉണർത്താൻ കഴിയുന്നതാവണം പാഠ്യപദ്ധതി. വിദ്യാർത്ഥികൾ അന്വേഷകരാവണം. സ്വയം ചോദിക്കുന്ന ചോദ്യങ്ങൾക്ക് സ്വയം ഉത്തരം കണ്ടെത്താനും അവർക്ക് കഴിയണം. എന്നാൽ ഇപ്പോൾ ചോദ്യങ്ങളും ഉത്തരങ്ങളും അവരെ നമ്മൾ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്

അലി മണിക് ഫാൻ