മാഹി: ഇരുപത്തിയൊന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലൂടെ 54 കിലോമീറ്റർ ഒഴുകുന്ന മയ്യഴിപ്പുഴയുടെ മാരകമായ മലിനീകരണത്തിൽ നിന്നു രക്ഷിക്കാൻ നാടാകെ കൈകോർത്തു. നരിപ്പറ്റ ,വാണിമേൽ, ഇയ്യങ്കോട്, ഇരിങ്ങണ്ണൂർ, പെരിങ്ങത്തൂർ, പെരിങ്ങളം, ഇടച്ചേരി, കിടഞ്ഞി, കച്ചേരി, ഏറാമല, കരിയാട്, ഒളവിലം, കുന്നുമ്മക്കര ,അഴിയൂർ എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും കൺവൻഷനിൽ പങ്കെടുത്തു.
നാടിന്റെയും ജീവിതത്തിന്റെയും താളമായ പുഴയ്ക്ക് നമ്മൾ തിരികെ നൽകുന്നതെന്താണ്? ആഢംബര ജീവിതത്തോടുള്ള അത്യാർത്തിയിൽ പുഴയ്‌ക്കെന്തു സംഭവിക്കുന്നു? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടാനാണ് കൺവൻഷൻ മുഖ്യമായും ശ്രമിച്ചത്. അപകടകരമായ ഒരു അവസ്ഥയിലേക്ക് പുഴയൊഴുകുന്നു എന്ന തിരിച്ചറിവിലേക്കാണ് പ്രതിനിധികൾ എത്തിച്ചേർന്നത്.
പുഴ ഒഴുകുന്ന പ്രദേശങ്ങളുടെ കരകൾക്ക് കുളിരും ഹരിതാഭയും പകർന്നിരുന്ന മനോഹരിയായ പുഴയുടെ വർത്തമാനകാല അവസ്ഥ ഉദ്ഘാടകനായ ഡോ. വി.രാമചന്ദ്രൻ എം.എൽ.എ. ചൂണ്ടിക്കാട്ടി.
പുഴയൊഴുകും വഴിയിൽ ഒട്ടേറെ തണ്ണീർത്തടങ്ങൾ പിറവിയെടുത്തിട്ടുണ്ട്, ജലസ്രോതസ്സുകൾ മണ്ണിന്റെയും മനുഷ്യന്റെയും ദാഹമകറ്റുന്നുണ്ട്. ഇപ്പോഴും ജൈവവൈവിധ്യത്തിന്റെ കലവറയൊരുക്കുന്നുണ്ട്. കണ്ടലുകളെ മടിയിലേറ്റുന്നുണ്ട്. ഒരു കാലത്ത് ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെട്ടിരുന്ന ഈ പുഴയുടെ തീരത്തിലെ ഒരു പഴയ കാല ചിത്രമാണ് എം. മുകുന്ദൻ തന്റെ വിഖ്യാത നോവലിൽ നിറംമങ്ങാതെ വരച്ചുവെച്ചതെന്ന് കൺവൻഷനിൽ അദ്ധ്യക്ഷനായിരുന്ന വിജയൻ കൈനാടത്ത് അഭിപ്രായപ്പെട്ടു.
കരയിടിഞ്ഞും മാലിന്യ മടിഞ്ഞും ജൈവവൈവിദ്ധ്യം നശിച്ചും ആസന്നമായ വിനാശത്തിന്റെ വഴിയിലേക്ക് മയ്യഴിപ്പുഴയും എത്തി നിൽക്കുകയാണ്. അനധികൃതമായി പടുത്തുയർത്തിയ കെട്ടിടങ്ങളും അവയ്ക്ക് വേണ്ടി തടുത്തു നിർത്തിയ നീരൊഴുക്കുകളും കരകളിൽ നിന്ന് വലിച്ചെറിയുന്ന ജൈവ, അജൈവ മാലിന്യങ്ങളും പുഴയെ ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുന്നു. പരിപാലനത്തിനായി ജനങ്ങൾ ഉണർന്നില്ലെങ്കിൽ, തിരിച്ചെടുക്കാനാവാത്ത വിധം പുഴ നമുക്ക് നഷ്ടമാകുമെന്ന സത്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്ന് മുഖ്യ ഭാഷണം നടത്തിയ സി.പി. ഹരിന്ദ്രൻ ഓർമ്മിപ്പിച്ചു.
ഷൗക്കത്ത്, ഫാദർ ജെറോം ചിങ്ങന്തറ, ഡോ. ദിലീപ്, സി.കെ.രാജലക്ഷ്മി ,ആയിഷ ഉമ്മർ തുടങ്ങിയവർ സംസാരിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പഠന റിപ്പോർട്ടുകൾ പ്രതിനിധികൾ അവതരിപ്പിച്ചു. ആനന്ദ് കുമാർ പറമ്പത്ത് എഴുതിയ പുഴപ്പാട്ട് ആലപിച്ചാണ് കൺവൻഷൻ ആരംഭിച്ചത്.