udyamangalam-sukumaran
ഉദയമംഗലം സുകുമാരൻ കൃഷിയിടത്തിൽ

കാസർകോട്: പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം പ്രസിഡന്റായി ഇന്നു സ്ഥാനം ഏറ്റെടുക്കുന്നത് നാട്ടുകാർക്ക് ഏറെ പരിചിതനായ കർഷകൻ. ക്ഷേത്രത്തിന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന ഉദയമംഗലം സുകുമാരനാണ് ഇന്ന് പ്രസിഡന്റായി അധികാരമേൽക്കുന്നത്. പൊതുപ്രവർത്തനത്തോടൊപ്പം ജൈവ കൃഷിക്കായി പാടത്തും പറമ്പിലും വിയർപ്പൊഴുക്കാൻ സമയം കണ്ടെത്തുന്ന ഉദയമംഗലം സുകുമാരന്റെ കൃഷിരീതികൾ, ഉദയമംഗലം ക്ഷേത്രത്തിന് സമീപത്തുള്ള നെൽവയലിലും ചേരിപ്പാടി കളരിക്കാൽ ദേവസ്ഥാനത്തിന്റെ വയലിലും കാണാം.

സുകുമാരന്റെ കൃഷിയിടത്തിൽ ഇല്ലാത്ത പച്ചക്കറികളില്ലെന്ന് പറയാം. വെണ്ട, പയർ, ചീര, തക്കാളി, നരമ്പൻ, മത്തൻ , കുമ്പളം, വെള്ളരി, പച്ചമുളക് എന്നിവയെല്ലാം ഉദയമംഗലത്തെ കൃഷിയിടത്തിൽ വിളയുന്നു. ഒരു ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിക്ക് ഒപ്പം ഇറാൻ തണ്ണി മത്തൻ, കാരറ്റ്, സവാള എന്നിവ പരീക്ഷിക്കുന്നത് സുകുമാരന്റെ ഹോബിയാണ്.

മൂന്നേക്കർ വരുന്ന സ്വന്തം കൃഷി ഭൂമിയിൽ നെൽകൃഷി നടത്തുന്നതിന് ഒപ്പമാണ് പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞത്. എന്നും പുലർച്ചെ അഞ്ചു മണി മുതൽ എട്ടര മണിവരെ വെള്ളം നനയ്ക്കലും വളമിടലും കളപറിക്കലുമായി ഇദ്ദേഹം കൃഷിയിടത്തിലാണ്. അതിനു ശേഷമാണ് ക്ഷേത്രകാര്യങ്ങൾക്കും പൊതുപ്രവർത്തനങ്ങൾക്കുമായി ഇറങ്ങുന്നത്. വൈകുന്നേരവും ഇത് തുടരും. സുഹൃത്തുക്കളും വീട്ടുകാരും കൃഷിയിടത്തിൽ സുകുമാരനെ സഹായിക്കുന്നുണ്ട്. വിളവെടുത്ത വിഷരഹിതമായ പച്ചക്കറികളിൽ അധികവും നാട്ടുകാർ തന്നെയാണ് വാങ്ങുന്നതും.

അഭിഭാഷകരും ഡോക്ടർമാരും സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കഴകം പ്രസിഡന്റായി സേവനം അനുഷ്ഠിച്ച സ്ഥാനത്താണ് ഇതാദ്യമായി ഒരു സാധാരണ കൃഷിക്കാരൻ എത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. ഇദ്ദേഹത്തിന്റെ കൂടെ ജനറൽ സെക്രട്ടറിയായി ടി പി ചന്ദ്രശേഖരനും ട്രഷററായി പി കെ രജേന്ദ്രനാഥും സ്ഥാനമേൽക്കും.


വെള്ളവും വെളിച്ചവും വളവും കൃത്യമായി നൽകിയാൽ ഏതു കൃഷിയും നമ്മുടെ മണ്ണിൽ വിളയും. ചെറുപ്പത്തിലെ ഞാനും കുടുംബവും കൃഷിയിടത്തിലുണ്ട്. അതിനാൽ കൃഷി ഒരു വിഷമമായി തോന്നിയിട്ടില്ല. കൂവലിൽ നിന്ന് വെള്ളമെടുത്താണ് കൃഷി നനയ്ക്കുന്നത്. ഇത്തവണ കാലാവസ്ഥ ചതിച്ചതിനാൽ നെൽകൃഷിയിൽ വൻ നഷ്ടമുണ്ടായി.

ഉദയമംഗലം സുകുമാരൻ