ആലക്കോട്: മലയോര ഹൈവേയുടെ രണ്ടാംഘട്ട നിർമ്മാണം പൂർത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനവും നടന്നെങ്കിലും പാതയിലെ ചിലയിടങ്ങളിലെ വീതി കുറവും കൊടും വളവുകളും യാത്രക്കാർക്ക് പേടിസ്വപ്നമാകുന്നു. പാത നിർമ്മാണം പൂർത്തിയായി ഏകദേശം ഒരുവർഷത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം ചെറുപുഴയിൽ വെച്ച് പാതയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. ചെറുപുഴ മുതൽ വള്ളിത്തോട് വരെയുള്ള 52 കിലോമീറ്റർ ദൂരത്തെ നിർമ്മാണജോലികൾ പൂർത്തിയാക്കി ഉദ്ഘാടനതീയതി നിശ്ചയിച്ചു കഴിഞ്ഞ സമയത്ത് കൊവിഡ് പടർന്നുപിടിച്ചതോടെയാണ് കഴിഞ്ഞ മാർച്ച് 24 ന് ലോക് ഡൗൺ പ്രഖ്യാപിക്കുന്നത്. അതോടെയാണ് റോഡ് ഉദ്ഘാടനം മാറ്റിവെച്ചത്.
റോഡിന്റെ നിർമ്മാണ പ്രവൃത്തി ഏറ്റവും മികച്ച രീതിയിലാണ് കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി പൂർത്തിയാക്കിയിട്ടുള്ളത്. എന്നാൽ റോഡിന്റെ സർവ്വേ ജോലികളും അനുബന്ധ കടലാസ് വർക്കുകളും നടക്കുന്ന സമയത്ത് പ്രാദേശികതലത്തിലും രാഷ്ട്രീയ പരമായുമുള്ള ഇടപെടലുകളുടെ ഫലമായാണ് അനവധി സ്ഥലങ്ങളിൽ കൊടുംവളവുകളും വീതിക്കുറവും വന്നിട്ടുള്ളത്. ഇക്കാര്യം റോഡിന്റെ തിളക്കം കെടുത്തുകയാണ്. മെക്കാഡം ടാറിംഗ് കഴിഞ്ഞ റോഡിലൂടെ അമിതവേഗതയിൽ ഇരുചക്ര വാഹനങ്ങളും മറ്റും ചീറിപ്പായുന്നത് വഴിയാത്രക്കാർക്ക് കടുത്ത ഭീഷണിയായി മാറിയിട്ടുണ്ട്. റോഡിൽ വാഹനം പറത്തുന്നവരെ പിടികൂടി മാതൃകാപരമായി ശിക്ഷ നൽകുന്നത് ഒരു പരിധിവരെ അമിതവേഗത നിയന്ത്രിക്കാൻ സഹായിക്കും.
പാലങ്ങളുടെ പ്രവൃത്തി നീളുന്നു
ആലക്കോട്, കരുവൻചാൽ പാലങ്ങളുടെ നിർമ്മാണം തുടങ്ങാൻ വൈകുന്നത് കടുത്ത ഗതാഗതക്കുരുക്കിന് കാരണമായിരിക്കുകയാണ്. ആലക്കോട് പാലത്തിന്റെ നിർമ്മാണോദ്ഘാടന തീയതി തീരുമാനിച്ചു കഴിഞ്ഞാണ് സ്ഥലം എം.എൽ.എ ആയ കെ.സി ജോസഫ് അറിയുന്നത് തന്നെ. ഇതിനേത്തുടർന്ന് അദ്ദേഹം പരാതിപ്പെടുകയും ഉദ്ഘാടനം മാറ്റിവെക്കുകയുമായിരുന്നു. കരുവൻചാൽ പാലത്തിനായി കാര്യമായ ഫണ്ട് നീക്കിവെക്കാത്തതിനാൽ ഇനിയും ഒരുവർഷം കൂടിയെങ്കിലും പുതിയ പാലം നിർമ്മാണത്തിന് കാത്തിരിക്കേണ്ടിവരും.