fish

മീശയില്ലാകൂരിയും മഞ്ഞാരകനും കാണാമറയത്ത്

കണ്ണൂർ: സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രമുഖമായ ആറളം വന്യജീവി സങ്കേതത്തിലെ പുഴകളിൽ നിന്ന് മത്സ്യങ്ങൾ കാണാമറയത്തേക്ക്. മലബാർ നാച്ചുറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടുദിവസം നടത്തിയ സർവേയിലാണ് ഈ കണ്ടെത്തലുകൾ. പ്രളയാനന്തരം പുഴയ്ക്ക് സംഭവിച്ച ഘടനാ വ്യത്യാസമാണ് ഇതിനു പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

കൊയ്ത്ത, മീശയില്ലാ കൂരി, മഞ്ഞാരകൻ അല്ലെങ്കിൽ പഴുക്കാരകൻ തുടങ്ങിയ മത്സ്യങ്ങളാണ് കഴിഞ്ഞ വർഷങ്ങളെക്കാൾ വംശനാശം നേരിടുന്നത്. ഏകദേശം അമ്പത് ശതമാനത്തോളമാണ് കുറവ് വന്നിട്ടുള്ളത്.

പ്രളയത്തെ തുടർന്ന് വൻ തോതിലുള്ള മണൽതിട്ടകൾ, അതിലുണ്ടായിരുന്ന ചെളി എന്നിവയെല്ലാം പുഴയിൽ നിന്നും പാടെ ഇല്ലാതായി. ഇപ്പോൾ ഉരുളങ്കല്ലുകളും വലിയ പാറകളും മാത്രമാണ് പുഴയിലുള്ളത്. ഈ ഘടനാ വ്യത്യാസം കൊയ്ത്തകളുൾപ്പെടെയുള്ള ചെറുമത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം സംഭവിക്കുന്നതിന് കാരണമായി.

നാടുനീങ്ങുന്നത് തനത് മത്സ്യസമ്പത്ത്

പശ്ചിമഘട്ടത്തിൽ തന്നെ തനതായ മത്സ്യസമ്പത്തുകളിൽപ്പെട്ട ചില കൊയ്ത്തകളാണ് ആറളത്ത് കണ്ടുവരുന്നത്. നീലഗിരി കൊയ്ത്ത, ഗന്ധ‌ർ കൊയ്ത്ത എന്നിവയാണ് ഇവ. പുഴയിലെ മാലിന്യത്തിന്റെ തോത് എത്രയാണെന്ന് പരിശോധിക്കാൻ കൂടി കഴിയുന്ന മത്സ്യങ്ങളാണ് ഈ കൊയ്ത്തകൾ. ഒഴുക്കുള്ള പുഴയുടെയും നദികളുടെയും അടിത്തട്ടിലാണ് ഇവയുടെ ആവാസ സ്ഥലം.
കുത്തിയൊലിച്ചു പോകുന്ന വെള്ളത്തിൽവരെ ഇവയ്ക്ക് വാസം സാദ്ധ്യമാകും. താഴ്ന്ന പ്രദേശങ്ങളിലെ കുളങ്ങളിലും മറ്റ് നെൽവയലുകളിലും ഇവയെ കാണാൻ സാധിക്കില്ല. ആറളത്ത് മറ്റ് മാലിന്യപ്രശ്നങ്ങളോ കടന്നുകയറ്റങ്ങളോ ഇല്ലാത്തതിനാൽ ഇത്തരം മത്സ്യങ്ങളുടെ കുറവ് താത്കാലികം മാത്രമാണെന്നും ഭാവിയിൽ ഇവയുടെ വ‌ർദ്ധനവ് ഉണ്ടായേക്കാമെന്ന പ്രതീക്ഷയും വിദഗ്ധർ പങ്കുവയ്ക്കുന്നു.

48 ഇനം മത്സ്യങ്ങൾ

വന്യ ജീവി സങ്കേതത്തിന് അകത്തു കൂടി ഒഴുകുന്ന ചീങ്കണ്ണിപുഴയുടെ ഭാഗങ്ങളിലും ഇരിട്ടി പുഴയിലും നടത്തിയ സർവ്വെയിൽ 48 ഇനം മത്സ്യങ്ങളെയാണ് കണ്ടെത്തിയത്. ദു‌ർബലജീവികളുടെ വിഭാഗത്തിൽപെട്ട കല്ലുപൊത്തൻ, പുള്ളികൊയ്ത എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി.1995 ൽ നടത്തിയ സർവ്വേയിൽ 32 ഉം 2019 ൽ നടത്തിയ സർവേയിൽ 45 ഇനവും മത്സ്യങ്ങളെയാണ് കണ്ടെത്തിയത്.

ചില ഇനം മത്സ്യങ്ങളുടെ കുറവ് താത്കാലികമാണ്. പ്രളയാനന്തരം പുഴയുടെ ഘടന മാറിയതായിരിക്കാം കാരണം. ഇവയുടെ വർദ്ധന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം

സി.പി. ഷാജി, മത്സ്യ നിരീക്ഷകൻ