കാസർകോട്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ 2021-23 വർഷത്തേക്കുള്ള ഭരണസമിതി ഭാരവാഹികൾ അധികാരമേറ്റെടുത്തു. അഡ്വ. കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതി സ്ഥാനമൊഴിഞ്ഞതോടെ ഉദയമംഗലം സുകുമാരൻ പ്രസിഡന്റും പി.പി. ചന്ദ്രശേഖരൻ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിക്കാണ് ഇനി ക്ഷേത്ര ഭരണ ചുമതല. സ്ഥാനമേറ്റ മറ്റു ഭാരവാഹികൾ: കൃഷ്ണൻ പാത്തിക്കാൽ, രാമൻ തത്ത (വൈസ് പ്രസിഡന്റുമാർ), അച്യുതൻ ആടിയത്ത്, ടി.കെ. കൃഷ്ണൻ (സെക്രട്ടറിമാർ), പി.കെ. രാജേന്ദ്രനാഥ് (ട്രഷറർ). പ്രസിഡന്റായി സ്ഥാനമേറ്റ സുകുമാരൻ കഴിഞ്ഞ ഭരണസമിതിയിൽ ജനറൽ സെക്രട്ടറിയായിരുന്നു.
ഉദയമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രസിഡന്റായിരിക്കെയാണ് മൂന്ന് വർഷം മുൻപ് പാലക്കുന്ന് ക്ഷേത്രത്തിൽ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഭണ്ഡാര വീട്ടിലെ തിരുനടയിൽ ആചാരസ്ഥാനികരുടെയും സന്നിഹിതരായ വിശ്വാസികളുടെയും സാന്നിദ്ധ്യത്തിലാണ് മൂന്ന് വർഷത്തേക്കുള്ള അധികാര കൈമാറ്റം നടന്നത്. സ്ഥിരാംഗങ്ങളായ സ്ഥാനികരടക്കം പ്രാദേശിക സമിതികളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 86 പേരും ഉൾപ്പെട്ടതാണ് ക്ഷേത്ര ഭരണസമിതി. ഭാരവാഹികളുമായി 31 പ്രാദേശിക സമിതികളും ഇതോടെ നിലവിൽ വരും.